കിളിമാനൂർ: മാർഗ്ഗനിർദ്ദേശം നൽകാനും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട ടീച്ചർമാർ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കിളിമാനൂർ ഗവൺമെന്റ് എൽപിഎസിലെ കുട്ടികൾ. പൂർണ്ണമായും കുട്ടികളുടെ അധ്വാനത്തിൽ വിരിഞ്ഞ വർത്തമാന പത്രത്തിന്റെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയത് ശ്രദ്ധേയമായ പരിപാടിയായി മാറി. വർണ്ണ കൂടാരം പാർക്കിന് മുന്നിലുള്ള വരിക്ക പ്ലാവിൻ ചുവട്ടിൽ കുട്ടികളും ടീച്ചർമാരും രക്ഷാകർത്താക്കളും ഒത്തുകൂടിയപ്പോൾ പത്ര പ്രകാശനത്തിനും പാട്ടുപാടാനും നാട്ടു വർത്തമാനങ്ങൾ പങ്കിടുന്നതിനുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറവും എത്തി.
സ്കൂൾ അങ്കണത്തിലെ തണൽ വൃക്ഷ ചുവട്ടിൽ ഗുണപാഠ കഥകളും, കവിതാ സൃഷ്ടിയും, വായ്ത്താരി പരിശീലനവും ഒക്കെയായി കുട്ടികൾ സ്വയം മറന്നു. വിജ്ഞാനവും വിനോദവും കോർത്തിണക്കി കുട്ടികൾ അവരുടെ കഴിവുകൾപ്രകടിപ്പിച്ചു.
സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ ആണ് ‘ഭാഷോത്സവം കൂട്ടെഴുത്ത് ‘ എന്ന പരിപാടിയുമായി രക്ഷാകർത്താക്കളെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങളുമായി ഹെഡ്മിസ്ട്രസ് പി ലേഖ കുമാരി, ഒന്നാം ക്ലാസിന്റെ ചുമതലയുള്ള ടീച്ചറായ ആൻസി എം സലിം , മറ്റു ടീച്ചർമാരായ ലാലി കെ സി, സിന്ധു ടി. ആർ, രജിത. ഒ. എസ്, നജീമ. എൻ. എസ്, പിടിഎ പ്രസിഡണ്ട് എസ്. സജികുമാർ, പിടിഎ അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.