ജനസംഖ്യാനുപാതികമായി തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസ് വിഭജിച്ച് വർക്കല, ചിറയിൻകീഴ് മേഖലകളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ആറ്റിങ്ങൽ ആസ്ഥാനമാക്കി പുതിയൊരു റവന്യൂ ഡിവിഷണൽ ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
തീരദേശ മേഖലകളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി 50 കിലോമീറ്ററിലധികം സഞ്ചരിച്ച് കുടപ്പനക്കുന്നിലുള്ള റവന്യൂ ഡിവിഷണൽ ഓഫീസിൽ എത്തിച്ചേരുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി
കുടപ്പനക്കുന്ന് തീർത്ഥ ആഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ) നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ഗ്രേഷ്യസ്
ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അനന്തൻ എസ്.ബി അധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി. എസ്.എ സംസ്ഥാന പ്രസിഡന്റ് പി. ശ്രീകുമാർ, സെക്രട്ടറി ആർ. സിന്ധു, ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി ജി. അനിൽകുമാർ, വനിതാ കമ്മറ്റി സംസ്ഥാന പ്രസിഡന്റ് ശശികല എന്നിവർ സംസാരിച്ചു.
കെ.ആർ.ഡി.എസ്.എ ജില്ലാ ട്രഷറർ രാകേഷ് കുമാർ സംഘടനാ റിപ്പോർട്ടും, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മഞ്ജു ജി.എസ് വാർഷിക റിപ്പോർട്ടും, ട്രഷറർ നന്ദു കൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെ.ആർ.ഡി.എസ്.എ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര എസ്.ദേവ് രക്തസാക്ഷി പ്രമേയവും, പ്രിയങ്ക കെ.ജെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല സെക്രട്ടറി സുജിത്ത്.എസ് സ്വാഗതവും ബ്രാഞ്ച് കമ്മിറ്റി അംഗം വി. വിഷ്ണു നന്ദിയും പറഞ്ഞു.
വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് / ഓഫീസ് അറ്റൻഡെന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും സർക്കാർ പരിഗണിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി അനന്തൻ എസ്.ബി (പ്രസിഡന്റ്), വിഷ്ണു എസ്.വി (സെക്രട്ടറി), രഞ്ജിനി, പ്രിയ കെ.ജെ (വൈസ് പ്രസിഡന്റുമാർ), നിഖിൽ റാണ, ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറിമാർ), അതുൽ ജോയി (ട്രഷറർ), വനിതാ കമ്മിറ്റി സെക്രട്ടറിയായി പ്രിയ കെ.ജെ, പ്രസിഡന്റായി സാന്ദ്ര കെ.ദേവ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.