Search
Close this search box.

ആറ്റിങ്ങലിൽ പുതിയതായി സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്ന് ചെയർപേഴ്സൺ

IMG-20231227-WA0054

ആറ്റിങ്ങൽ: നഗരസഭ സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സംസ്ഥാനത്തിന് തന്നെ മാതൃകയാകുമെന്ന് അധികൃതരുടെ വിലയിരുത്തൽ. സംസ്ഥാനത്ത് നിലവിൽ തിരുവനന്തപുരത്തെ മുട്ടത്തറയിലും, എറണകുളത്തെ വെല്ലിംഗ്ടൺ ഐലന്റിലും, വയനാട്ടിലുമാണ് ഇത്തരം പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. അടുത്തിടെ ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു സംഘം വയനാട് പ്ലാന്റ് സന്ദർശിച്ച് വിശദമായി പഠനം നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നൽകുന്ന 4.75 കോടി രൂപയുടെ പദ്ധതിയാണ് ആറ്റിങ്ങലിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വയനാട്ടിലെത്തിയ സംഘം നടത്തിയ പഠനത്തിൽ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ, ദുർഗന്ധമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തി. 70 സെന്റ് ഭൂമിയിലാണ് വയനാട്ടിലെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ദ്രവ മാലിന്യശേഖരണം മുതൽ സംസ്ക്കരണം വരെയുള്ള പ്രക്രിയയിൽ ഒരിടത്തുപോലും ദുർഗന്ധം വമിക്കാത്ത തരത്തിലാണ് സ്വീവേജ് പ്ലാന്റിന്റെ രൂപകല്പന.

മാലിന്യ സംസ്ക്കരണ രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായ ആറ്റിങ്ങലിലെ ഖരമാലിന്യ സംസ്ക്കരണ പ്ലാന്റിനുള്ളിലാണ് സ്വീവേജ് പ്ലാന്റും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സംസ്ക്കരണ കേന്ദ്രത്തിൽ നിന്നു ശേഖരിക്കുന്ന വെള്ളം കൃഷിക്കും, കെട്ടിട നിർമ്മാണത്തിനും ഉപയോഗിക്കാൻ കഴിയും. ആദ്യ ഘട്ടത്തിൽ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും, പൂകൃഷിയും ആരംഭിച്ച് വേസ്റ്റ് വാട്ടർ പൂർണമായും പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ നീക്കം. സംസ്കരണത്തിന്റെ ഭാഗമായി കൂടുതൽ വേസ്റ്റ് വാട്ടർ ഉണ്ടാവുമ്പോൾ മറ്റ് ആവശ്യങ്ങൾക്കായും പ്രയോജനപ്പെടുത്തും. നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ നിന്ന് ശേഖരിക്കുന്ന ദ്രവമാലിന്യം മുട്ടത്തറയിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. ഇതിന് സമയവും ചിലവും ഏറെയാണ്. ദ്രവ മാലിന്യ സംസ്കരണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ സമ്പൂർണ്ണ ശുചിത്വ നഗരമെന്ന ഖ്യാദിയും ആറ്റിങ്ങലിനു സ്വന്തം. കൂടാതെ പ്രാദേശിക തലത്തിൽ നിരവധിപേർക്ക് കൂടി തൊഴിൽ കൊടുക്കാനും ഈ പുതിയ സംരഭം കൊണ്ട് സാധിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!