കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി . കാട്ടാക്കട കുറവൻകോണത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
പൂവച്ചല്‍ സ്വദേശികളായ ദമ്ബതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട് . കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. രാത്രി മറ്റാരോ വീട്ടിലുള്ളതായി മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. പുലര്‍ച്ചെയോടെ പെണ്‍കുട്ടി തുടര്‍ച്ചയായി മുത്തശ്ശീ എന്ന് വിളിക്കുന്നത് കേട്ട് ഉണര്‍ന്നപ്പോഴാണ് അജ്ഞാതനെ ശ്രദ്ധയില്‍പെട്ടത്.
മുത്തശ്ശി ഉടൻ കൈയില്‍ കയറി പിടിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. കാക്കി ഷര്‍ട്ടും കറുത്ത പാന്റ്സുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറഞ്ഞു. ഉടൻതന്നെ വീട്ടുകാര്‍ വിവരമറിയിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.