അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് പടിഞ്ഞാറുഭാഗത്ത് കടൽക്ഷോഭം ഉണ്ടാവുകയും കടൽ കയറുകയും ചെയ്ത സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് യുവാവിന്റെ പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിയോടെ യുവാവ് അഞ്ചുതെങ്ങ് വില്ലേജ് ഓഫീസറെ ഫോണിൽ ബന്ധപ്പെടുകയും കടൽ കയറിയതായും ജീവൻ അപകടത്തിലാണെന്നും ടോണിയെന്ന യുവാവ് ഫോണിലൂടെ അറിയിച്ചു. മാത്രമല്ല തന്റെ വീടിനുമുമ്പിലായി കുറച്ചു പേർ ഒരു മത്സ്യബന്ധന ബോട്ട് കൊണ്ട് വന്ന് കെട്ടി വച്ചിരിക്കുന്നതായും, ശക്തമായ തിരയടിച്ചാൽ ആ ബോട്ട് വീട്ടിലേക്ക് ഇടിച്ചു കയറുമെന്നും വലിയ അപകട ഭീതിഉ ണ്ടെന്നും ഫോണിലൂടെ അറിയിച്ചു. അതിനാൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ടോണി ഫോണിലൂടെ പറഞ്ഞു. എന്നാൽ വില്ലേജ് ഓഫീസർ ഇപ്പോൾ കടയ്ക്കാവൂരാണ് ഉള്ളതെന്നും അഞ്ചുമണിയോടെ എത്താമെന്നും അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം പിന്നിട്ടിട്ടും സ്ഥലത്തെത്തിയില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ടോണിയുടെ പരാതി.
എന്നാൽ ഇതുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹം ഇന്നലെ വൈകുന്നേരം തന്നെ അവിടെ ചെല്ലുകയും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷം തിരികെ പോകുകയും ചെയ്തു എന്ന് പറയുന്നു.വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് സന്ദർശനം നടത്തിയതെന്നും വില്ലേജ് ഓഫിസർ അറിയിച്ചു.