ആറ്റിങ്ങൽ: നഗരസഭയുടെ 3, 4, 5 വാർഡുകളിലാണ് കഴിഞ്ഞ ദിവസം രാത്രി ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ അംഗീകൃത വേട്ടക്കാരെ ഉപയോഗിച്ചു കൊണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. വാമനപുരം നദിയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിൽ 6 മാസത്തിലധികമായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൂടാതെ രാത്രികാലങ്ങളിൽ സമീപത്തെ ജനവാസ മേഖലകളിലേക്ക് കടന്നെത്തുന്ന പന്നികൾ മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. ഒരു സംഘത്തിൽ കുഞ്ഞുങ്ങളടക്കം 10 മുതൽ 20 പന്നികളുണ്ടൊവും. നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ്റെ ചുമതലയുള്ള നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പന്നികളെ വെടിവെക്കാൻ നിർദ്ദേശിക്കുക ആയിരുന്നു. രാത്രിയിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 2 പന്നികൾക്കു നേരെ സംഘം നിറയൊഴിച്ചു. ചത്ത പന്നിയെ സർക്കാർ മാനദണ്ഡപ്രകാരം കുഴിച്ചുമൂടി.
 കുഴിച്ചിട്ട പന്നിക്ക് ഏകദേശം 100 കിലോയോളം ശരീരഭാരം ഉണ്ടാവുമെന്ന് അധികൃതർ കണക്കാക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി ജീവനക്കാരായ അജി, രാജീവ്, അജീഷ്കുമാർ തുടങ്ങിയവർ വേട്ടക്കാരോടൊപ്പം സംഘത്തിലുണ്ടായിരുന്നു.

								
															
								
								
															
				
