വർക്കല : വർക്കല ഹരിഹരപുരത്ത് കിടപ്പ് രോഗിയായ വൃദ്ധ ഉൾപ്പെടെയുള്ള വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകിയശേഷം നേപ്പാളിയായ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ മോഷണം നടത്താൻ ശ്രമിച്ച് പിടിയിലായ പ്രതികളിൽ ഒരാൾ വർക്കല കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു.
നേപ്പാൾ സ്വദേശി രാംകുമാർ( 48 ) ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കുഴഞ്ഞുവീണ രാംകുമാറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഷണം നടത്തിയ ശേഷം സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വർക്കല ഹരിഹരപുരം എൽ.പി സ്കൂളിന് സമീപം ലൈം വില്ല യിൽ 74 വയസ്സുള്ള ശ്രീദേവി അമ്മ, മരുമകൾ ദീപ , ഹോം നേഴ്സ് സിന്ധു എന്നിവർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി കൊടുത്ത് ആണ് മോഷണം നടന്നത്. വീട്ടു ജോലിക്ക് 15 ദിവസമായി ഉണ്ടായിരുന്ന നേപ്പാളി സ്വദേശിനി യുവതിയാണ് ഭക്ഷണത്തിൽ ലഹരി കലർത്തിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ശ്രീദേവി അമ്മയുടെ മകൻ ബാംഗ്ലൂരിൽ നിന്നും രാത്രി ഭാര്യയായ ദീപയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സമീപവാസിയായ ബന്ധുവിനെ വിളിച്ചു . ബന്ധു ഈ വീട്ടിൽ എത്തുമ്പോൾ 4 ഓളം പേർ ഓടി രക്ഷപ്പെടുന്നത് ആണ് കാണുന്നത്. വീടിന് ഉള്ളിൽ കയറി നോക്കുമ്പോൾ 3 പേരും ബോധ രഹിതർ ആയിരുന്നു.
തുടർന്ന് നാട്ടുകാർ ഓടി കൂടി പ്രദേശത്ത് പരിശോധന നടത്തിയതിൽ രാംകുമാറിനെ പിടികൂടി .ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപെടാൻ ശ്രമിക്കവേ വീടിന് പിറകിലെ മതിൽ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു. രാവിലെയോടെ സമീപത്തു ഒളിച്ചിരുന്ന മറ്റൊരു പ്രതിയെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു . പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ 4 പേർ അടങ്ങുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു.