കിളിമാനൂർ: മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം ചിറ്റിലഴികം ഗ്രാമത്തിലെ ആവണിയെ തേടിയെത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്ത് ചിറ്റിലഴികത്ത് ഐശ്വര്യ ഗാർഡൻസിൽ ജയകുമാർ – അപർണ ദമ്പതികളുടെ മകളാണ് ആവണി. കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഉന്നത വിജയം നേടി തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബി എസ് സി ബോട്ടണി വിഭാഗത്തിൽ റാങ്കോടെ ഉന്നത വിജയം കൈവരിച്ചതിനാണ് ആവണിക്ക് പുരസ്കാരം ലഭിച്ചത്. 2021- 22 കാലഘട്ടത്തിൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കാണ് മുഖ്യമന്ത്രി വിദ്യാർഥി പ്രതിഭാ പുരസ്കാരം സമ്മാനിച്ചത്.
ഇപ്പോൾ തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജിൽ ബിരുദാനന്തര ബിരുദം എം.എസ്. സി ബോട്ടണി രണ്ടാം വർഷ വിദ്യാർഥിനിയാണ് ആവണി. സഹോദരൻ ആര്യൻ തൃശൂർ മണ്ണുത്തി വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയാണ്