ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരത്തിൻ്റെ സമഗ്രവികസനത്തിനു വേണ്ടിയുള്ള ബഡ്‌ജറ്റാണ് വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള ഇന്ന് കൗൺസിലിൽ അവതരിപ്പിച്ചത്.
746952567 രൂപ വരവും 636259660 രൂപ ചെലവും 135692907 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റിൽ വികസന, ക്ഷേമ, സേവന മേഖലകളിൽ ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തരിശുരഹിതം പദ്ധതിയിലൂടെ കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതുൾപ്പെടെയുള്ള വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. കാർഷിക സമൃദ്ധി, ഭക്ഷ്യസ്വയംപര്യാപ്തതത എന്നീ ലക്ഷ്യങ്ങൾക്ക് മുൻതൂക്കം നൽകിയിരിക്കുന്നു.
വയോജന സൗഹൃദമാണ് ഈ ബഡ്‌ജറ്റ്. വയോജനങ്ങൾക്ക് പോഷകാഹാര പദ്ധതിയുൾപ്പെടെ അവരുടെ ക്ഷേമപ്രവർത്തനങ്ങളിലൂന്നിയുള്ള ബഡ്‌ജറ്റ്.
സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് ഈ ബഡ്ജറ്റ് നൽകിയിട്ടുള്ളത്. മുനിസിപ്പൽ കോളനി പ്രദേശത്ത് നിർമ്മിക്കുന്ന ബഹുനിലമന്ദിരത്തിൽ നൈപുണ്യവികസനത്തിനും, തൊഴിലിനും, വിനോദനത്തിനും, വിശ്രമത്തിനും എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
എല്ലാവർക്കും തൊഴിൽ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
വിദ്യാഭ്യാസത്തിനും, അതോടൊപ്പം കായിക മേഖലയിലും വമ്പിച്ച പ്രാധാന്യമാണ് ഈ ബഡ്‌ജറ്റ് വിഭാവനം ചെയ്യുന്നത്. പുതിയ കായിക സംസ്കാരത്തിന് തുടക്കം കുറിക്കാൻ ബഡ്‌ജറ്റിലുള്ള നിർദ്ദേശങ്ങൾ പര്യാപ്തമാണ്.
അതിദരിദ്രരില്ലാത്ത നഗരം, വാതിൽപ്പടി സേവനം, വലിയകുന്ന് ആശുപത്രി മാതൃകാ ആശുപത്രി, വഴിയോര വിശ്രമകേന്ദ്രങ്ങൾ, എല്ലാവർക്കും ഇ-സാക്ഷരത, ഡിജിറ്റൽ നഗരം ഇവയെല്ലാം മാതൃകാപരമായ പദ്ധതികളാണ്.