മുതലപ്പൊഴി കവാടത്തിലെ മണ്ണൽ നീക്കലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന ഹാർബറിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മത്സ്യതൊഴിലാളികളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുകയാണ് സർക്കാരെന്ന് യോഗം കുറ്റപ്പെടുത്തി.
അഴിമുഖ ചാലിലെ ആഴകുറവുമൂലമുണ്ടായ തിരയിളക്കത്തിൽപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ നാല് മത്സ്യതൊഴിലാളികൾ മരിച്ചിരുന്നു. ഡ്രഡ്ജർ എത്തിച്ച് മണ്ണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പിലായില്ല. അഴിമുഖത്ത് വീണ്ടും മണ്ണൽ മൂടുകയാണ്. ആഴ്ചകൾക്കുള്ളിൽ അഴിമുഖ കവാടത്തിൽ മണ്ണൽ മൂടി മത്സ്യബന്ധനം നിലയ്ക്കുന്ന സാഹചര്യമാണ്. കരാർ കമ്പനിയായ അദാനി പോർട്സിന് ഉത്തരവാദിത്വം നൽകി സർക്കാർ ഓടി ഒളിക്കുകയാണ്.രക്ഷാപ്രവർത്തനങ്ങൾക്കായുള്ള കോസ്റ്റൽ പോലീസ് റെസ്ക്യു ബോട്ട് ഒരു വർഷമായി പ്രവർത്തരഹിതമാണ് , ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരയ്മ, തുടങ്ങിയ വിഷയങ്ങളിലും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മത്സ്യതൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് സമരപരിപാടികൾക്ക് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി നേതൃത്വം നൽകാനും യോഗത്തിൽ തിരുമാനമായി. മുസ്ലിം ലീഗ് മേഖലാ പ്രസിഡൻ്റ് എം.എസ് കമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, ഫസിൽ ഹഖ്, നവാസ് മാടൻവിള, അൻസർ പെരുമാതുറ, സിയാദ് കഠിനംകുളം, അഷ്റഫ് മാടൻവിള, ഷാഹുൽ ചേരമാൻ തുരുത്ത്, സിയാസ് തുടങ്ങിയവർ സംസാരിച്ചു.