വാമനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ കൊച്ചുതാന്നിമൂട് – ആശാരിവിളാകം കുടിവെള്ള പദ്ധതി ഡി.കെ മുരളി എം.എൽ.എ നാടിന് സമർപ്പിച്ചു. ജലദൗർലഭ്യം നേരിടുന്നതിനായി മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തൊഴിലുറപ്പ് പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി നീർത്തട പുനരുജ്ജീവന – റീച്ചാർജിംഗ് പദ്ധതികൾ നടപ്പിലാക്കുമെന്ന് എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലൂടെ ഒഴുകുന്ന വാമനാപുരം നദി പുനരുജ്ജീവിപ്പിക്കാനുള്ള ‘നീർധാര പദ്ധതി’യുടെ മൂന്നാം ഘട്ടമായാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ജലദൗർലഭ്യം നേരിടുന്ന കൊച്ചുതാന്നിമൂട് – ആശാരിവിളാകം പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. പ്രദേശത്തെ 21 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഉദ്ഘാടന ചടങ്ങിൽ വാമനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.