അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് സബ് ട്രഷറിയ്ക്ക് വെള്ളനാട് മിനി സിവിൽ സ്റ്റേഷനിൽ അനുവദിച്ച പുതിയ കാര്യാലയത്തിന്റെ പ്രവർത്തനോദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ. എ. നിർവഹിച്ചു. നെടുമങ്ങാട്, കാട്ടാക്കട എന്നീ ട്രഷറികളുടെ അധികാര പരിധിയിൽ ഉൾപ്പെട്ട വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനെയും വെള്ളനാട്, ആര്യനാട്, അരുവിക്കര,ഉഴമലയ്ക്കൽ,എന്നീ നാല് ഗ്രാമപഞ്ചായത്തുകളെയും അവയ്ക്ക് കീഴിലുള്ള ഡിഡിഒമാരെയും ഉൾപ്പെടുത്തിയാണ് വെള്ളനാട് സബ് ട്രഷറി രൂപീകരിച്ചിരിക്കുന്നത്.
പ്രതിമാസം ഒരു കോടി രൂപയുടെ വരവും നാല് കോടി വരെ ചെലവ് ഉൾപ്പെടെയുള്ള ഇടപാടുകളാണ് വെള്ളനാട് സബ് ട്രഷറിയിൽ നടക്കുന്നത്. ജീവനക്കാർക്ക് സുഗമമായി പ്രവർത്തിക്കുവാനും ഇടപാടുകാർക്ക് മികച്ച സേവനം ലഭ്യമാക്കാനുമായി റവന്യൂ വകുപ്പിന്റെ കീഴിലുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ച ട്രഷറി ഓഫീസിൽ സ്ട്രോങ്ങ് റൂം, ഗാർഡ് റൂം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ട്രഷറിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
വെള്ളനാട് മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം വെള്ളനാട് ശശി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ,ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്‌ണകുമാർ. എസ്,ട്രഷറി ജോയിന്റ് ഡയറക്ടർ ജിജു പ്രജിത്.കെ. ആർ,വെള്ളനാട് സബ് ട്രഷറി ഓഫീസർ അബ്ദുൽ മുനീർ. എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.