ആറ്റിങ്ങൽ: നാനാതുറയിലുള്ള ഉള്ള എല്ലാത്തരം ജനവിഭാഗങ്ങളെയും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച “ഡിജി കേരളം” പദ്ധതിക്ക് ആറ്റിങ്ങൽ നഗരസഭയിൽ തുടക്കം കുറിച്ചു. നഗരസഭയിലെ 5,6,7,9 എന്നീ വാർഡുകളിൽ ഉള്ളവർക്കായി സംഘടിപ്പിച്ച ഡിജി കേരളം പദ്ധതി നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി സെൽഫി എടുത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സാധാരണക്കാരുടെയും ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റല്‍ സാക്ഷരതയിലൂടെ ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങളും ബാങ്കിംഗ് ഇതര സേവനങ്ങളും സാധാരണക്കാരന്റെ വിരല്‍ത്തുമ്പില്‍ അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കേരള സർക്കാർ ഇത്തരം ഒരു ദൗത്യത്തിന് തുടക്കം കുറിച്ചത്.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ചു. കൗൺസിലർ രാജഗോപാലൻ പോറ്റി സ്വാഗതം ആശംസിച്ചു. തുടർന്ന് “ഡിജി കേരളം”പദ്ധതിയുടെ ഭാഗമായി ചെയർപേഴ്സൺ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. നഗരസഭ ഉദ്യോഗസ്ഥരായ വിനോദ്, മുഹമദ്റാഫി,സജീന സ്മിത തുടങ്ങിയവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരവൂർക്കോണം ഗവ എൽപിഎസിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ എ.റീജ നന്ദിയും രേഖപ്പെടുത്തി.
