ജലജീവൻ മിഷനിലൂടെ നെടുമങ്ങാട് മണ്ഡലത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനായി 252 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി കേരള ജല അതോറിറ്റി നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കല്ലയം, മൈലാടുംപാറ,തണ്ണീർപൊയ്ക എന്നീ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ജലസംഭരണികളുടെയും പൈപ്പ് ലൈനിന്റെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ കൊടുക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 11,918 വീടുകളിൽ 11,418 എണ്ണത്തിനും കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. 500 ഓളം വീടുകളിലെ കുടിവെള്ള കണക്ഷൻ കൂടി സാധ്യമാക്കുന്നതോടെ സമ്പൂർണമായും ശുദ്ധജല ലഭ്യതയുണ്ടാവുന്ന പഞ്ചായത്തായി കരകുളം ഗ്രാമ പഞ്ചായത്ത് മാറുമെന്ന് മന്ത്രി പറഞ്ഞു.
കരകുളം പഞ്ചായത്തിലെ ജലലഭ്യത വർധിപ്പിക്കുന്നതിന് നഗരസഞ്ചയ പദ്ധതി പ്രകാരം രണ്ട് പദ്ധതികളിലായി 12.28 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. കല്ലയം- മൈലാടുംപാറ പ്രദേശങ്ങളിൽ ജലവിതരണം സുഗമമാക്കൽ – 8.89 കോടി രൂപയുടെയും , തണ്ണീർപൊയ്ക പ്രദേശങ്ങളിൽ ജലവിതരണം സുഗമമാക്കുന്നതിന് 3.39 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ഈ പദ്ധതി പൂർത്തിയാകുന്നതോടു കൂടി കരകുളം ഗ്രാമ പഞ്ചായത്തിന് 10 എം.എൽ. ടി കുടിവെള്ളം ലഭ്യമാക്കാനും എല്ലാ ജനങ്ങളിലേക്കും എത്തിയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ജലസംഭരണി നിർമ്മിക്കുന്നതിന് സ്ഥലം വിട്ടു നൽകിയ പ്രദേശവാസി ആർ. മോഹനനെ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ ആദരിച്ചു.
കരകുളം പാലത്തിന് സമീപം നടന്ന പരിപാടിയിൽ കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സുനിൽ കുമാർ, ദക്ഷിണ മേഖല കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ നാരായണൻ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.