ആറ്റിങ്ങൽ : നഗരസഭയുടെ കീഴിൽ രാമച്ചംവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നഗരആരോഗ്യ കേന്ദ്രം കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിതുറന്ന് മോഷ്ട്ടിക്കാൻ ശ്രമം നടന്നു. കെട്ടിടത്തിൻ്റെ പിൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ട്ടാവ് മരുന്നുകൾ സൂക്ഷിച്ചിരുന്ന 2 അലമാരകളും റൂമുകളിലേക്കു പ്രവേശിക്കുന്ന 5 വാതിലുകളും പൂർണ്ണമായി തകർത്തു. മരുന്നും സാനിട്ടൈസർ അടക്കമുള്ള ലായനികളും മുറികളിലും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കാട്രി വിഭാഗം മെഡിസിനായ സോഡിയം വാൽപൊറൈറ്റ് എന്ന ഗുളികൾ മോഷ്ട്ടിക്കപ്പെട്ടതായി ജീവനക്കാർ അറിയിച്ചു. ഇത് ചുഴലി സംബന്ധമായ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നു കൂടിയാണ്. ഏകദേശം 60000 രൂപയുടെ നാശ നഷ്ട്ടം സംഭവിച്ചതായി കണക്കാക്കുന്നു. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പോലീസിനോടൊപ്പം സ്ഥലം സന്ദർശിച്ചു. ഇതിനു സമീപത്തുള്ള കാട്ടുമ്പുറം ഇടയാവണത്ത് ക്ഷേത്രത്തിലും ഇക്കഴിഞ്ഞ രാത്രി മോഷണം അരങ്ങേറിയിരുന്നു. കാണിക്ക വഞ്ചി കുത്തിതുറന്ന് പണം കവർന്ന നിലയിലായിരുന്നു. നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.