വർക്കല : റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാക്കളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്താണ് റഷ്യക്കാരിക്ക് നേരെ അതിക്രമം നടന്നത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയായ യുവതിയെ പിന്തുടർന്ന് എത്തിയ യുവാക്കൾ ഹോൺ മുഴക്കി ശല്യം ചെയ്തു. തുടർന്ന് വാഹനം നിർത്തിയപ്പോൾ യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ബൈക്ക് നമ്പർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൊല്ലത്ത് നിന്നും പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.

								
															
								
								
															
				
