കടുത്ത വേനലിൽ ചുട്ടുപൊള്ളുമ്പോൾ, പറവകൾക്കും മറ്റ് ചെറുജീവികൾക്കു മെല്ലാം ദാഹജലമൊരുക്കുകയാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ. ‘കിളികളും കൂളാവട്ടെ’ എന്ന കാമ്പയിനുമായി തങ്ങളുടെ വീടുകളിലും സമീപപ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലും മറ്റും ചെറിയ പാത്രങ്ങളിൽ വെള്ളം വയ്ക്കുകയാണിവർ ചെയ്യുന്നത്. തോടുകളും, തണ്ണീർത്തടങ്ങളുമെ ല്ലാം വറ്റി വരണ്ടതോടെ പക്ഷികൾക്കും മറ്റും ആശ്വാസമാവുകയാണ് വെള്ളം നിറച്ച ഇത്തരം പാത്രങ്ങൾ.
കഴിഞ്ഞ കുറെ കാലം മുതൽ വേനൽക്കാലത്ത് സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റംഗങ്ങൾ പക്ഷികൾക്ക് ദാഹജലം ഒരുക്കി വരുന്നുണ്ട്. മരക്കൊമ്പിലും മറ്റും വയ്ക്കുന്ന പാത്രങ്ങളിൽ നിന്നും ദാഹമകറ്റിയ ശേഷം മിക്ക കിളികളും ചെറിയ കുളിയും കഴിഞ്ഞാണ് യാത്രയാകുന്നത്. വെള്ളം തീരുന്നതനുസരിച്ച് ഇടയ്ക്കിടെ വീണ്ടും നിറച്ച് വയ്ക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. ക്യാമ്പയിൻ്റെ ഭാഗമായി സ്കൂളിൽ വിവിധ ഇടങ്ങളിലും വെള്ളം നിറച്ച പാത്രങ്ങൾ കേഡറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.