വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി (35) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.
വീടുവരെ വാഹനം എത്താത്തത് കൊണ്ട് വീടിനടുത്തുള്ള ഒരു സ്ഥലത്ത് സ്ഥിരമായി സ്കൂട്ടർ വെച്ചിട്ടാണ് ഉണ്ണി വീട്ടിലേക്ക് പോകുന്നത്. ഇന്നലെ രാത്രി സ്കൂട്ടർ വച്ച് തിരിയുന്നതിനിടയിലാണ് ഷോക്കേറ്റത്.വൈദ്യുതി വേലിയിൽ തട്ടി നിലത്തു വീഴുകയായിരുന്നു ഉണ്ണി.
മറ്റു രണ്ടു സുഹൃത്തുക്കൾ ഇദ്ദേഹം ഷോക്കേറ്റ് കിടക്കുന്ന കാണുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. വാഹന സൗകര്യം ലഭിക്കാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു .തുടർന്ന് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.