ആറ്റിങ്ങൽ : വാർഡ് മെമ്പറുടെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച പ്രതി അറസ്റ്റിൽ.ഇടക്കോട് ഊരുപൊയ്ക കിണറ്റിമുക്ക് വലിയവിള വീട്ടിൽ സജിയെ (46)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
മുദാക്കൽ വില്ലേജിൽ പത്തൊമ്പതാം വാർഡ് മെമ്പറായ ബിജുവിന്റെ ശരീരത്തിലാണ് തിളച്ച വെള്ളം ഒഴിച്ചത്.
ഇന്ന് (31.03.24) മെമ്പറായ ബിജു ഇലക്ഷൻ വർക്കുമായി ബന്ധപ്പെട്ട പ്രതിയായ സജിയുടെ വീട്ടിൽ ചെന്ന സമയം മദ്യലഹരിയിൽ ആയിരുന്ന സജി ബിജുവിനെ ചീത്തവിളിക്കുകയും അത് പറഞ്ഞു വിലക്കിയത് ഇഷ്ടപ്പെടാതിരുന്ന സജി അടുപ്പിൽ ഇരുന്ന തിളച്ചവെള്ളം അടങ്ങിയ മൺകലം എടുത്ത് ബിജുവിന്റെ ദേഹത്ത് അടിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ സജിയെ ഊരുപൊയ്ക ജംഗ്ഷന് സമീപം വച്ച് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.