വർക്കല: വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് നിയന്ത്രണം തെറ്റിയ ട്രാവലർ വാൻ കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചു. വഴിയരികിൽ നിന്നയാൾക്കും പരിക്കേറ്റു.വലിയ ദുരന്തമാണ് ഒഴിവായത്.വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി.
പരവൂർ കലയ്ക്കോട് സ്വദേശി നിഷ (35) , മകൾ സാന്ദ്ര (8 ), മകൻ സച്ചിൻ (12) , വർക്കല സ്വദേശി സത്യൻ (56) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിഷയും മക്കളും ബലിതർപ്പണത്തിന് എത്തിയതായിരുന്നു.
രാവിലെ 10.15 ഓടെയാണ് അപകടം.
കോഴഞ്ചേരിയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളെ ഇറക്കിയ ശേഷം കുന്നിൻ മുകളിലെ റോഡിൽ നിന്നും അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം തെറ്റി വഴിവക്കിൽ കടയുടെ അരികിൽ വിശ്രമിക്കുകയായിരുന്ന അമ്മയെയും മക്കളെയും ആണ് ഇടിച്ചത്. ഒഴിഞ്ഞു മാറാൻ കഴിയാതെ കടയുടെ സമീപത്തെ അര മതിലിനും വാഹനത്തിനും ഇടയിൽ 8 വയസ്സുള്ള കുട്ടി ഞെരുങുകയും ചെയ്തു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിക്ക് കണ്ണിന്റെ ഭാഗത്തും നെറ്റിയിലും ചതവും പരിക്കുമുണ്ട്. അമ്മയ്ക്കും മകനും നിസ്സാര പരിക്കേറ്റു. നാട്ടുകാരനായ സത്യൻ എന്ന ആളുടെ കാൽ മുട്ടിനും പരിക്കേറ്റു.വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.