ചരിത്ര പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം.ക്ഷേത്ര തന്ത്രി നെടുമ്പള്ളിമന തരണനെല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേൽശാന്തി വെഞ്ഞാറമൂട് പാലൂർമഠം മാധവൻ പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറിയതോടെയാണ് പത്തുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. കൊടിയേറ്റ് ദർശിക്കാനായി നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു.
ഏപ്രിൽ ഒൻപതിന് അശ്വതി ആഘോഷവും 10-ന് പ്രസിദ്ധമായ ഗരുഡൻ തൂക്കവും നടക്കും. മീനഭരണിയോടനുബന്ധിച്ചുള്ള കാർഷിക, വിനോദ പ്രദർശനവും വാണിജ്യമേളയും ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപ്പറമ്പിൽ നടക്കും.
അറുപത്തഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് മേള. ഉത്സവത്തിന്റെ ഭാഗമായി വർണാഭമായ ദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട് . സ്വിച്ചോൺ ഇന്ന് വൈകീട്ട് 6.45-ന് തിരുവനന്തപുരം റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആർ പ്രതാപൻ നായർ നിർവഹിക്കും.
ഒന്നാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 8-ന് പഞ്ചവാദ്യം, 9.30-നുമേൽ 10.15-നകം തൃക്കൊടിയേറ്റ്, 10.30-ന് കളഭാഭിഷേകം, 12-ന് അന്നദാനം, വൈകീട്ട് 5-ന് ഭക്തിഗാനാമൃതം, 5.30-ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 6.45-ന് ദീപാലങ്കാരം സ്വിച്ചോൺ, 7-ന് തിരുവതിരകളി, 7.30-ന് സംഗീത സദസ്സ്, 12.30-ന് നാടൻപാട്ട് എന്നിവ നടക്കും.