റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളിൽ ഒരാളായ പ്രിൻസ് സെബാസ്റ്റ്യൻ വീട്ടിലെത്തി.
ഡൽഹിയിൽനിന്ന് വിമാന മാർഗ്ഗം പ്രിൻസിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച് അഞ്ചുതെങ്ങിലെ വസതിയിലേക്ക് അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 9.25 ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ പുറപ്പെട്ട പ്രിൻസ് അർദ്ധരാത്രി 12.45 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
റഷ്യ – ഉക്രൈൻ യുദ്ധഭൂമിയിൽ നിന്നും ഡൽഹിയിലെത്തിച്ച പ്രിൻസ്നെ സിബിഐ സംഘത്തിന്റെ വിശദമായ തെളിവ്എടുപ്പുകൾക്ക് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇന്നലെ രാത്രിയോടെ ജന്മനാട്ടിലേക്ക് അയച്ചത്. കേന്ദ്ര – സർക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ തുടർന്ന് റഷ്യയിലെ ഇന്ത്യൻ എംബസി വഴി താൽക്കാലിക ഔട്ട് പാസ്സ് നൽകിയാണ് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസിനേയും, പൂവാർ സ്വദേശി ഡേവിഡിനേയും റഷ്യയിൽ നിന്നും ഡൽഹിയിൽ എത്തിച്ചിരുന്നത്.
മികച്ച തൊഴിലും ശമ്പളവും വാഗ്ധാനം ചെയ്താണ് റഷ്യൻ യുദ്ധമുഖത്തേയ്ക്ക് മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേരെ ട്രാവൽ ഏജൻസികൾ റിക്രൂട്ട് ചെയ്തത്. ഇവരുടെ ചതിയിൽ കുടുങ്ങി അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് പേരാണ് ഉക്രൈനിൽ കുടുങ്ങിയിരുന്നത്. ഇവർ മൂന്നുപേരും ബന്ധു സഹോദരങ്ങളാണ്.
ഇവരിൽ ഒഒരാളാണ് ഇന്നലെ രാത്രിയോടെ തിരികെ എത്തിയത്. ശേഷിക്കുന്ന ടിനു, വിനീത് തുടങ്ങിയവരെ അടിയന്തിരമായി നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യ സഹ-മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ വിദേശകാര്യ വകുപ്പ് നടത്തിവരുകയാണ്.