മലയിന്‍കീഴ് : പണി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞ മലയിന്‍കീഴ് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി മന്ദിരം തുറക്കുന്നില്ലെന്ന് പരാതി . പുതുവര്‍ഷ സമ്മാനമായി നാട്ടുകാര്‍ക്കിതു സമര്‍പ്പിക്കുമെന്ന് 7 മാസം മുന്‍പ് പഞ്ചായത്ത് വാഗദാനം നൽകിയിരുന്നു .
2015-മാര്‍ച്ച് 13-ന് തറക്കല്ലിട്ട കെട്ടിടത്തിന് അന്നത്തെ എം.എല്‍.എ എന്‍.ശക്‌തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25-ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇപ്പോള്‍ മലയിന്‍കീഴ് സര്‍ക്കാര്‍ ആയൂര്‍വേദാശുപത്രി തച്ചോട്ടുകാവ് ക്ഷീര സഹകരണ സംഘത്തിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2014-15 വര്‍ഷത്തെ പദ്ധതിയില്‍ മലയിന്‍കീഴ് പഞ്ചായത്ത് 32-ലക്ഷം രൂപ ചിലവഴിച്ച് 20-സെന്റ് സ്‌ഥലം കോട്ടമ്പൂരില്‍ വിലയ്‌ക്കു വാങ്ങിയാണ് ആയുര്‍വേദ ആശുപത്രിയ്‌ക്കു നല്‍കിയത്. കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷനും ലഭിച്ചു. 18-ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്ത് ചുറ്റുമതില്‍ നിര്‍മ്മിച്ചു. കെട്ടിടം പെയിന്റ് ചെയ്‌ത് ഉള്‍ഭാഗത്തെ ചുമരുകള്‍ ആറടി ഉയരത്തില്‍ ടൈലിടുകയും മുന്‍ ഭാഗം തറയോട് പാകി മനോഹരമാക്കി. രോഗികള്‍ക്കുള്ള വിശ്രമ മന്ദിരത്തിനുള്‍പ്പെടെ 8.40-ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി പഞ്ചായത്തു ചിലവഴിച്ചത്. ആശുപത്രിയില്‍ വെള്ളമെത്തിയ്‌ക്കുന്നതിനു പൈപ്പ് കണക്ഷനെടുക്കാനുള്ള തുകയും നല്‍കിക്കഴിഞ്ഞതായും പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്‌ണന്‍നായര്‍ പറഞ്ഞു