തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാനിനോടനുബന്ധിച്ച് ‘വിശുദ്ധ ഖുര്‍ആന്‍: മാനവരാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തില്‍ നടന്നുവന്ന ജില്ലാതല ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി.
കളിയിക്കാവിള എസ് എല്‍ കെ ആഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കളിയിക്കാവിള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍വെച്ച് നിര്‍ദ്ധനരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ് കളിയിക്കാവിള, നെയ്യാറ്റിന്‍കര സോണ്‍ പ്രസിഡന്റ് എം പി കെ ശറഫുദീന്, അബ്ദുല്‍ ബഷീര്‍, ഹമീദ് എം എ, അബ്ദുല്‍ റഹീം, മാഹീന്, ലുഖ്മാനൂല് ഹക്കീം, നിസാം ഹാജി പ്രസംഗിച്ചു. റമളാന്‍ ഒന്നുമുതല്‍ ആരംഭിച്ച റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂണിറ്റ്, സോണ്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ എട്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളടക്കമുള്ള റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടന്നത്.
ഇഫ്താര്‍-സൗഹൃദ സംഗമങ്ങള്‍, രോഗികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍, മത പ്രഭാഷണങ്ങള്‍ തുടങ്ങി വിപുലമായ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.