വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.
കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) ഓടയം യൂണിറ്റിന്റെയും, നദുവത്തുൽ മുസ്ലിമീൻ മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വർക്കല കുരയ്ക്കണ്ണി ആസാദ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച “ഈദ്ഗാഹിൽ” ചെറിയ പെരുന്നാൾ നമസ്കാരത്തിനും ഖുതുബ പ്രസംഗത്തിനും നേതൃത്വം നൽകുകയായിരുന്നു ഇമാം. മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ സുശക്തമാകുമെന്നും, മനുഷ്യ മനസ്സിനെ സംസ്കരിക്കാനും, സമ്പത്തിനെ ശുദ്ധീകരിക്കാനും “സക്കാത്ത് ” എന്ന നിർബന്ധദാനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചുറ്റുമുള്ളവരുടെ വേദനകളും ദുഃഖങ്ങളും അറിയാനും അവയിൽ പങ്കുചേരാനും അവശത യനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാനും നമുക്ക് കഴിയണമെന്നും ഇമാം കൂട്ടിച്ചേർത്തു.
ഈദ് നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് ഈദ് ഗാഹിൽ എത്തിയവർ വീടുകളിലേക്ക് മടങ്ങിയത്. സ്ത്രീകൾ അടക്കം നിരവധി പേർ ഈദ് നമസ്കാരത്തിലും ഖുതുബയിലും പങ്കെടുത്തു.
റമദാൻ റിലീഫ് പ്രവർത്തനങ്ങളുടേയും, സംഘടിത ഫിത്തർ സക്കാത്ത് വിതരണത്തിന്റെയും ഭാഗമായി അർഹരായ നിരവധി പേർക്ക് റമദാൻ മാസക്കാലത്ത് സഹായങ്ങൾ വീടുകളിൽ എത്തിച്ചു നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.