കിളിമാനൂർ: വിഭിന്നശേഷിക്കാരൻ സഞ്ജുവിനാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കിളിമാനൂർ യൂണിറ്റ് വിഷുക്കൈനീട്ടം ഒരുക്കിയിരിക്കുന്നത്.സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികളുടെ അധ്യാപകരുടെ സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. വിദ്യാലയത്തിൽ എത്താൻ വെല്ലുവിളികൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് നൽകുന്ന ബുധനാഴ്ചകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനിടയിലാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത സഞ്ജുവിനെയും കുടുംബത്തെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ജൂൺ മാസത്തിൽ കണ്ടെത്തിയത്. മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ജസ്റ്റിസ് പഞ്ചാബ കേശൻ സ്വമേധയാ കേസെടുത്തിരുന്നു. ബിആർസിയുടെ നേതൃത്വത്തിൽ താൽക്കാലികമായി ടോയ്‌ലറ്റു നിർമ്മിച്ചു നൽകി. സർക്കാരിൽ നിന്ന് വീട് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ,സ്വന്തമായി ഭൂമിയും ഇല്ലാത്തതുകൊണ്ട് വർഷങ്ങളായി സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. നവ കേരള സദസ്സിന്റെ ഭാഗമായി 35 വർഷമായി തടസ്സപ്പെട്ടു കിടന്ന അമ്മയുടെ പേരിലുള്ള ഭൂമിയുടെ പട്ടയവും സഞ്ജുവിന് ലഭിച്ചു.
10 ലക്ഷം രൂപ മുടക്കി ഭിന്നശേഷി സൗഹൃദ ഗൃഹമാണ് സഞ്ജുവിനായി കെ ആർ ടി എ ഒരുക്കിയിരിക്കുന്നത്. വീൽചെയറിൽ യഥേഷ്ടം വീടിന് ചുറ്റാകെ സഞ്ചരിക്കുന്നതിനും വീടിനുള്ളിലേക്ക് കയറുന്നതിനും റാമ്പും റെയിലും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് .സ്വന്തമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സ്വിച്ച് ബോർഡുകൾ, ടോയ്ലറ്റ്, വാഷ്ബേസിനുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കപ്പെടുന്ന ആദ്യ വീട് എന്ന ബഹുമതിയും സഞ്ജുവിന്റെ സ്വപ്നക്കൂടിന് സ്വന്തം. കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ, അധ്യാപകർ,കുട്ടികൾ,റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്,വർക്കല എസ് എൻ കോളേജ് എൻഎസ്എസ് യൂണിറ്റ്, എസ് എൻ ട്രസ്റ്റ് എന്നിവരുട സാമ്പത്തിക പിന്തുണയോടെയാണ് ഗൃഹനിർമ്മാണം പൂർത്തീകരിച്ചത്.
പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് സഞ്ജുവിന്റെ ഗൃഹപ്രവേശം നടക്കും. സഞ്ജുവിന്റെ സ്വപ്നക്കൂട് നിർമ്മാണത്തിനായി കെ ആർ ടി എ കണ്ടെത്തിയ തുകയിൽ നിന്ന് അവശേഷിക്കുന്ന തുക ഉപയോഗിച്ച് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച ഉപജില്ലയില മറ്റു രണ്ടു കുട്ടികളുടെ വീട് കൂടി ഭിന്നശേഷി സൗഹൃദ ഗൃഹമാക്കി മാറ്റും.
ചിത്രം : സഞ്ചുവിന് കെ ആർ ടി എ നിർമ്മിച്ച് നൽകുന്ന സ്വപ്നക്കൂട് .