നന്ദിയോട് : ശക്തമായ മഴയിലും കാറ്റിലും നിരവധി കൂറ്റൻ മരങ്ങളും വിവിധ രാഷ്ട്രീയ കക്ഷികൾ സ്ഥാപിച്ചിരുന്ന ബോർഡുകളും താത്കാലിക ഓഫീസുകളും തകർന്നുവീണു. നന്ദിയോട് ജംഗ്ഷനു സമീപം റോഡിൽ വീണ കൂറ്റൻ മരം വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വെട്ടിമാറ്റി. നന്ദിയോട് ആലംപാറ റൂട്ടിൽ വീണ റബ്ബർമരം നാട്ടുകാർ വെട്ടിമാറ്റി. പ്ലവറ എസ്.കെ.വി സ്കൂളിനു സമീപം തട്ടുകടയുടെ മുകളിൽ മരം വീണ് കടയുടെ ഒരു ഭാഗം തകർന്നു. ആളപായമില്ല. ഇളവട്ടത്ത് വൈദ്യുതി ലൈനിൽ മരം വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നന്ദിയോട് നളന്ദ റോഡിലും, താന്നിമൂട് ജംഗ്ഷനിലും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. കാലൻകാവ്, പൊട്ടൻചിറ, വെമ്പ്, കുടവനാട്, പാലുവള്ളി ഭാഗങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ്, പൊലീസ്, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമം നടക്കുകയാണ്. നന്ദിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലച്ചു.