കല്ലമ്പലം : ദേശീയപാതയിൽ ചാത്തൻപാറ ജംഗ്ഷനു സമീപം വാഹനാപകടം. എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് അതേ ദിശയിൽ തൊട്ട് മുന്നിലൂടെ പോയ പിക്കപ്പ് വാനിൽ ഇടിച്ചു. പിക്കപ്പ് വാനിന്റെ നിയന്ത്രണം വിട്ട് റോഡ് വശത്തെ തട്ടുകടയുടെ ബോർഡും തകർത്ത് അടുത്തുള്ള പോസ്റ്റിൽ ഇടിച്ചു നിന്നു. ഇന്ന് രാത്രി 10:20 ഓടെയാണ് സംഭവം.
ഇന്നോവ കാറിൽ 3 പേർ ഉണ്ടായിരുന്നു. കാർ ഓടിച്ചിരുന്ന ബിപിനും ഒരു സ്ത്രീയും മകളും. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർ പിക്കപ്പ് വാഹനം ഒതുക്കി നിർത്തുന്നതിനിടയ്ക്കാണ് പുറകെ വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് പിക്കപ്പിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡ് വശത്തെ തട്ടുകടയുടെ ബോർഡും തകർത്ത് ഒരു പോസ്റ്റിൽ ഇടിച്ചു നിന്നു. തട്ടുകടയിൽ നല്ല തിരക്കുള്ള സമയവുമായിരുന്നു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. പിക്കപ്പ് വാൻ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും സാരമായ പരിക്കില്ല എന്നാണ് വിവരം. ഇന്നോവ കാറിന്റെ മുൻഭാഗം തകർന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.