ആറ്റിങ്ങൽ : ആറു വയസ്സുകാരി അക്ഷരയുടെ ചികിത്സാ സഹായത്തിന് തിരുവാതിരയുടെ കാരുണ്യ യാത്ര നാളെ. ആറ്റിങ്ങൽ തിരുവാതിര മോട്ടോർസ് ആണ് ലാഭമോ ശമ്പളമോ ഇല്ലാതെ ഒരു ദിവസം ബസ് ഓടി കിട്ടുന്ന മുഴുവൻ തുകയും ചികിത്സാ സഹായമായി എത്തിക്കാൻ ഒരുങ്ങുന്നത്. വടശ്ശേരിക്കോണം സ്വദേശിയായ നിർധന കുടുംബത്തിലെ അക്ഷരയ്ക്ക് ഒന്നാം വയസ്സ് മുതൽ കരൾ രോഗമുണ്ട്. ആകെ ഉണ്ടായിരുന്ന സ്ഥലവും കിടപ്പാടാവുമൊക്കെ മോളുടെ ചികിത്സയ്ക്കായി കുടുംബത്തിന് വിൽക്കേണ്ടി വന്നു. ഇപ്പോൾ കുട്ടിയുടെ അവസ്ഥ കൂടുതൽ ഗുരുതരമായി മാറുകയാണ്. ഇനി കരൾ മാറ്റിവെയ്ക്കൽ മാർഗ്ഗമാണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കുഞ്ഞിന്റെ അമ്മ കരൾ പകുത്ത് നൽകാൻ തയ്യാറാണ്. പക്ഷെ ശാസ്ത്രക്രിയയ്ക്ക് ഏകദേശം 45 ലക്ഷത്തോളം രൂപ വേണം. അതിന് എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം.
അക്ഷരയ്ക്ക് സഹായം എത്തിക്കാനാണ് തിരുവാതിരയുടെ കാരുണ്യ യാത്ര. തിരുവാതിരയുടെ എല്ലാ ബസ്സിലും ടിക്കറ്റ് ഇല്ലാതെ ബക്കറ്റു പിരിവ് നടക്കും. യാത്രക്കാർക്ക് ഓരോരുത്തർക്കും തങ്ങളെ കൊണ്ട് കഴിയുന്ന തുക ബക്കറ്റിൽ ഇടാം. എല്ലാം കൂട്ടി ഒരുമിച്ച് കൂട്ടി നല്ലൊരു തുകയായി ആ കുടുംബത്തിന് എത്തിക്കും. ചെറിയ ചെറിയ തുകകൾ കൂട്ടി വലിയ തുക ലഭ്യമാക്കി ഒരു കുടുംബത്തെ രക്ഷിക്കാനുള്ള നാടിന്റെ പരിശ്രമത്തിൽ ഭാഗമാകാൻ യാത്രക്കാരും തയ്യാറാണെന്ന് മാനേജ്മെന്റ് പറയുന്നു.
ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല, കിളിമാനൂർ -ആറ്റിങ്ങൽ, ആറ്റിങ്ങൽ -അയിലം, കല്ലമ്പലം – വെള്ളല്ലൂർ – കിളിമാനൂർ, അയിലം ആറ്റിങ്ങൽ എന്നിങ്ങനെ സർവീസ് നടത്തുന്ന ബസ്സുകളിൽ നാളത്തെ യാത്ര കാരുണ്യത്തിന്റെ യാത്രയാണ്.