കല്ലമ്പലം: കുട്ടിക്കാനത്ത് വാഹനാപകടത്തിൽ മരണപ്പെട്ട ഭദ്രയ്ക്ക് പ്ലസ്ടു പരീക്ഷയിൽ മികച്ച മാർക്ക്. കടമ്പാട്ടുകോണം വെട്ടിയറ വിളയിൽവീട്ടിൽ ഭദ്ര (18)യ്ക്കാണ് രണ്ട് എ പ്ലസും രണ്ട് എയും അടക്കം മികച്ച വിജയം. എഴിപ്പുറം എച്ച്.എസ്. എസിലെ സയൻസ് വിദ്യാർത്ഥിനിയായിരുന്നു ഭദ്ര.
വ്യാഴാഴ്ച ഉച്ചയോടെ കുട്ടിക്കാനം പുല്ലുപാറക്ക് സമീപമായിരുന്നു അപകടം.വിനോദയാത്രക്കിടെ വാഗമണിൽനിന്ന് മടങ്ങവേയാണ് കാർ താഴ്ച്ചയിലേക്ക് മറിഞ്ഞത്. ഭദ്രയുടെ മാതൃസഹോദരി സിന്ധു (45)വും അപകടത്തിൽ മരണപ്പെട്ടു.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട ഭദ്രയുടെ മാതാവ് മഞ്ജു, മഞ്ജുവിന്റെ രണ്ടാമത്തെ മകൾ ഭാഗ്യ, മരണപ്പെട്ട സിന്ധുവി ന്റെ മകൻ ആദിദേവ് എന്നിവരാണ് ഗുരുതരാവസ്ഥയി ലുള്ളത്.
മൂന്നുപേരെയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി. കാർ ഓടിച്ചിരുന്ന മഞ്ജുവിന്റെ ഭർത്താവ് ഷിബു(51) വിൻ്റെ പരിക്ക് ഗുരുതരമല്ലെന്നും റിപ്പോർട്ട്. ചികിത്സയിലുള്ളവർ ബന്ധുക്കളുടെ മരണവിവരം അറിഞ്ഞിട്ടില്ല.വിദേശത്തായിരുന്ന ഷിബു മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മടങ്ങും മുമ്പ് വിനോദയാത്രക്ക് തീരുമാനിക്കുകയായിരുന്നു.