വെള്ളനാട് : വെള്ളനാട് ഗവ. യു.പി. സ്കൂളിലേക്കുപോകുന്ന റോഡിന്റെ ദുരവസ്ഥ ഇതാണ്. സ്കൂൾ തുറന്നാലും ഇതേ റോഡിലൂടെ വേണം വിദ്യാർഥികൾ നടക്കാൻ.
വെള്ളനാട് -കാട്ടാക്കട മെയിൻ റോഡിൽനിന്ന് യു.പി. സ്കൂൾവരെയുള്ള റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. മെറ്റലുകൾ ഇളകിമാറി ഗട്ടറുകൾ വീണ റോഡിന്റെ വശങ്ങളിൽ വൻ കുഴികളാണ്. ഈ കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.കുത്തിറക്കമായ റോഡിൽ വാഹനം മറിഞ്ഞുള്ള അപകടത്തിനു കാരണമാകുന്നുണ്ട്. സ്കൂൾ തുറന്നാൽ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളും ഈ റോഡിലൂടെയാണ് പോകുന്നത്.
നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡിൽ അപകടസാധ്യതയേറിയിട്ടും നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കണ്ണമ്പള്ളി, ചാത്തനാട്, കൈരളി നഗർ എന്നിവിടങ്ങളിലുള്ളവർ വെള്ളനാട് ജങ്ഷനിലെത്താൻ ആശ്രയിക്കുന്ന റോഡാണിത്.