മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ഇന്നുണ്ടായ രണ്ട് അപകടങ്ങളിൽ ഒരു തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി 60കാരൻ എബ്രാഹാം തോമസ് ആണ് മരണപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് പരിക്കേറ്റു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ രാവിലെ ആറരയോട് കൂടിയാണ് ആദ്യ അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാലുപേർ നീന്തി കരയ്ക്കെത്തിയെങ്കിലും സാരമായി പരിക്കേറ്റ ഇവരെ മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് 3 തൊഴിലാളികൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
ഏഴുമണിയോടെ മറ്റൊരു വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. വള്ളത്തിൽ ഉണ്ടായിരുന്ന നാല് തൊഴിലാളികളിൽ ഒരാൾ കടലിലേക്ക് തെറിച്ച് വീണങ്കിലും ഇയാളെ പിന്നീട് മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.
മരണപ്പെട്ട എബ്രഹാമിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. കഴിഞ്ഞദിവസം കടൽ ശാന്തമായിരുന്നു, ഇതാണ് കൂടുതൽ വള്ളങ്ങൾ കടലിലേക്ക് ഇറങ്ങാൻ കാരണമായത്. എന്നാൽ രാവിലെയോടെ തിരയടി ശക്തമാവുകയും മഴയും കാറ്റും ഉണ്ടായതാണ് അപകടങ്ങൾക്കിടയാക്കിയത്