ശക്തമായ മഴയിൽ വർക്കല പാപനാശം ബലി മണ്ഡപത്തിൻ്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.
വർക്കലയിലെ തീരദേശ ഭാഗങ്ങളിൽ
ഇന്നലെ രാത്രി 1.30 മുതൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
പുലർച്ചെയാണ് കുന്ന് ഇടിഞ്ഞത്. അതുകൊണ്ട് തന്നെ ആൾ അപായം ഒഴിവായി. സാധാരണ ദിവസങ്ങളിൽ 5.30 മണി മുതൽ ഈ ഭാഗത്ത് ബലി തർപ്പണം നടത്തുന്നതിന് ഭക്തർ എത്തുന്നതാണ്.
കുന്നിൻ്റെ ഭാഗം അടർന്ന് വലിയ കല്ലുകൾ താഴേയ്ക്ക് പതിച്ചു. ബലി മണ്ഡപത്തിൻ്റെ പിൻഭാഗത്തും മുന്നിലുമായി ആണ് കുന്ന് ഇടിഞ്ഞു വീണിട്ടുള്ളത്
വളരെ ദുർബലമായ ഒന്നാണ് പാപനാശം കുന്നുകളുടെ ഉൾഭാഗം. അതുകൊണ്ട് തന്നെ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുന്നുകളെ സാര ബാധിക്കും. മഴയും കാറ്റും പ്രതിരോധിക്കാനുള്ള ശേഷിയും കുന്നുകൾക്കില്ല. എല്ലാ മഴക്കാലത്തും കുന്ന്കൾ ഇടിയാറുണ്ട്
ബലി മണ്ഡപത്തിൻ്റെ സമീപത്ത് ടൂറിസം ഡിപ്പാർട്ട്മെൻ്റ് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിൻ്റെ മുൻഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുൻപ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടർന്ന് ഈ ഭാഗം കോൺക്രീറ്റ് ചുവരുകൾ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനം എടുത്തിരുന്നു. ഇതിനോട് ചേർന്നുള്ള ഭാഗമാണ് ഇപ്പൊൾ ഇടിഞ്ഞു വീണിട്ടുള്ളത്.
ബലി മണ്ഡപത്തോട് ചേർന്നാണ് ടൂറിസം പോലീസിൻ്റെ വിശ്രമ മുറി. മഴശക്തമായാൽ ഇതിന് മുകളിലേക്കും കുന്ന് ഇടിഞ്ഞു വീഴാൻ സാദ്ധ്യത ഏറെയാണ്.
ഒരാഴ്ച മുന്നേ പുതുതായി നിർമ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിൻ്റെ സെപ്റ്റിക് ടാങ്കുകൾക്ക് മുകളിൽ പാകിയിരുന്ന മുൻഭാഗത്തെ ഇൻറർലോക്കുകൾ മഴയിൽ ഇടിഞ്ഞുതാണിരുന്നു .
ദിവസങ്ങൾക്ക് മുൻപാണ് പാപനാശം ഹെലിപ്പാഡ് ഭാഗത്തെ കുന്നുകൾ ഏതാണ്ട് 10മീറ്ററോളം വീതിയിൽ ഇടിഞ്ഞു വീണത്. മഴ ശക്തമായി തന്നെ ഇപ്പോഴും തുടരുകയാണ്.