ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ കോളേജിൽ കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം. എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ ആണ് മുഖ്യമന്ത്രിക്ക് ഇമെയിലിലൂടെ നിവേദനം അയച്ചത്.
ജില്ലയിലെ സർക്കാർ കലാലയങ്ങളിൽ മികവ് പുലർത്തുന്ന കലാലയങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്. എല്ലാ അധ്യയനവർഷവും റാങ്കുകൾ ഉൾപ്പടെ ഉന്നത വിജയങ്ങൾ കോളേജിന് നേടിയെടുക്കാൻ കോളേജിന് കഴിയുന്നു.
എന്നാൽ സാധ്യതക്ക് അനുസരിച്ചു കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നില്ല . കെട്ടിടങ്ങളും മറ്റ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കോളേജിൽ കൂടുതൽ കോഴ്സുകൾ ലഭിക്കുന്നില്ല.
സിറ്റി വിട്ടാൽ എൻഎച്ച് സൈഡിലുള്ള ഏക സർക്കാർ കലാലയമാണ് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്. ഹോസ്റ്റലും,ലൈബ്രറിയും ലാബും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പുതിയ കോഴ്സുകൾ തുടങ്ങുവാൻ സർവകലാശാല തയ്യാറാകുന്നില്ല.
ദൂരസ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വന്നു പഠിച്ചു പോകുവാനും , പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുവാനുമുള്ള സൗകര്യങ്ങളും കോളേജിൽ ഉണ്ട്. പരമ്പരാഗതമായ കോഴ്സ്കൾ മാത്രമാണിവിടുള്ളത് .
സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കാൻ എത്തുന്നവരിൽ ഏറെയും.നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപെടുത്തി കൊണ്ട് കോളേജിൽ ബി എ (മലയാളം, ഇംഗ്ലീഷ്), ബിഎസ് സി (ഫിസിക്സ്), എം എ( ഹിസ്റ്ററി) എന്നീ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് നിവേദനത്തിൽ ഉള്ളത്.