ആറ്റിങ്ങൽ : എല്ലാ വർഷത്തെയും പോലെ സ്കൂൾ തുറക്കുന്ന ദിവസമായ നാളെ(ജൂൺ 3) തിരുവാതിര ബസ്സിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര. സ്കൂൾ തുറക്കുന്ന ദിവസം പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സൗജന്യയാത്ര ഒരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും സൗജന്യ യാത്ര ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടാൻ സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് പോലും നീങ്ങുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി അവർക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
മൊട്ടക്കുഴി -കിളിമാനൂർ- ആറ്റിങ്ങൽ, ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല, ആറ്റിങ്ങൽ -ഇളമ്പ -അയിലം, വർക്കല – കല്ലമ്പലം – ആറ്റിങ്ങൽ, അയിലം – ആറ്റിങ്ങൽ എന്നിങ്ങനെ സർവീസ് നടത്തുന്ന എല്ലാ ബസ്സിലും യാത്ര സൗജന്യമാണ്. ഇന്നത്തെ വിദ്യാർത്ഥി നാളത്തെ പൗരൻ എന്ന ആശയം മുന്നിൽക്കണ്ട് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ യാത്ര ഒരുക്കുന്നതെന്ന് തിരുവാതിര ബസ് ഉടമ നിഖിൽ സുദർശൻ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു. വിവിധ മേഖലകളിൽ കഷ്ഠത അനുഭവിക്കുന്നവർക്ക് വേണ്ടി നിരവധി കാരുണ്യ യാത്ര നടത്തി അവർക്ക് വേണ്ട ധനസമാഹരണവും ഇതിനോടകം തന്നെ തിരുവാതിര നടത്തിയിട്ടുണ്ട്.