രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ആ ദിവസം നാളെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റും പിന്നെ ഇവിഎമ്മിലെ വോട്ടുകളും എണ്ണും
ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമായി തുടങ്ങും. പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സർവേകളുമുണ്ടായി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഇരുന്നൂറ് സീറ്റ് കടക്കില്ലെന്നാണ് ഭൂരിഭാഗം സർവേയും പ്രവചിച്ചിരിക്കുന്നത്.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപിയുമായ അടൂർ പ്രകാശ്, എൽഡിഎഫ് സ്ഥാനാർഥി അഡ്വ വി ജോയ്, വി മുരളീധരൻ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ആര് ജയിക്കും എന്ന് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരും നോക്കി ഇരിക്കുന്നു. കണക്കുകൾ കൂട്ടിയും കിഴിച്ചും ഓരോരുത്തർ ഓരോ അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും നാളത്തെ ഫലം കാത്തിരിക്കുകയാണ് എല്ലാവരും.