ആറ്റിങ്ങൽ : ഇങ്ങനെയൊരു വോട്ടെണ്ണൽ ദിനം ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് ജനാധിപത്യ വിശ്വാസികൾ പറയുന്നത്. തുടക്കം മുതൽ മുന്നിലും പിന്നിലുമായി മാറി മാറി യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഏവരെയും മുൾമുനയിൽ നിർത്തി.
കേരളത്തിൽ മുഴുവൻ ആറ്റിങ്ങൽ ലോക്സഭ മണ്ഡലം ചർച്ചയായി. എല്ലാവരും ഒരുപോലെ ആവേശത്തോടെ നോക്കി ഇരുന്ന മണ്ഡലം കൂടിയായി ആറ്റിങ്ങൽ മാറി.
എന്നാൽ ഒടുവിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ അടൂർ പ്രകാശ് 684 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അവസാനം വോട്ടെണ്ണിയ പൂവച്ചൽ പ്രദേശത്തെ വോട്ടുകൾ അടൂർ പ്രകാശിന് വളരെ നിർണായകമായി. അവസാന നിമിഷം വലിയ കുതിപ്പിലേക്ക് കയറുകയായിരുന്നു അടൂർ പ്രകാശ്.
മാർച്ച് 19ന് ആറ്റിങ്ങൽ വാർത്ത ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓൺലൈൻ പോളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തെങ്കിലും 919 വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയം കണ്ടിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം ഉണ്ടായിരുന്നതിനാൽ ആറ്റിങ്ങൽ വാർത്ത പോൾ ഫലം അപ്പോൾ പ്രസിദ്ധീകരിച്ചില്ല. ഇതാദ്യമല്ല, ആറ്റിങ്ങൽ വാർത്തയുടെ ഓൺലൈൻ പോൾ യഥാർഥ്യമാകുന്നത്. 2019ൽ എല്ലാ എക്‌സിറ്റ് പോളുകളും അടൂർ പ്രകാശ് തോൽക്കും എന്ന് പറഞ്ഞപ്പോഴും ആറ്റിങ്ങൽ വാർത്തയുടെ ഓൺലൈൻ പോൾ മാത്രമാണ് അടൂർ പ്രകാശിന്റെ വിജയം മുന്നിൽ കണ്ടിരുന്നത്. മാത്രമല്ല, ഇത്തവണ നടന്ന ഓൺലൈൻ പോളിൽ എം എം മണിയുടെ പേജിൽ നിന്ന് ഉൾപ്പടെ വി ജോയ്ക്ക് പിന്തുണ നൽകിയിരുന്നു.
ഇന്ന് രാവിലെ 8 മണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ വോട്ടിങ് ലീഡ് നിലനിർത്താൻ അടൂർ പ്രകാശും എൽഡിഎഫ് സ്ഥാനാർഥി അഡ്വ വി ജോയിയും ശക്തമായി മത്സരിച്ചു. എന്നാൽ തൊട്ട് പിന്നാലെ തുച്ഛമായ വോട്ടുകളുടെ കുറവിൽ ബിജെപി സ്ഥാനാർഥി വി മുരളീധരനും ഉണ്ടായിരുന്നു. എൽഡിഎഫും യുഡിഎഫും മാറി മാറി ലീഡ് നിലനിർത്തിയെങ്കിലും ബിജെപി സ്ഥാനാർഥിക്കും ഏറെ പ്രതീക്ഷ നൽകുന്ന നിലയിലായിരുന്നു ലീഡ് നില.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ അടൂർ പ്രകാശ് മുന്നിൽ ആയിരുന്നെങ്കിലും ആദ്യ മണിക്കൂറിൽ തന്നെ വി ജോയ് മുന്നിലേക്ക് കയറി. തുടർന്നുള്ള മണിക്കൂറുകളിൽ ഇരുവരുടെയും ലീഡ് നില മാറി മറിഞ്ഞു. ഉച്ച കഴിഞ്ഞപ്പോൾ കേരളം മുഴുവൻ ആറ്റിങ്ങലിലേക്ക് നോക്കാൻ തുടങ്ങി. അയ്യായിരത്തോളം വോട്ടുകൾക്ക് വി ജോയ് മുന്നിൽ പോയെങ്കിലും ഫിനിഷിങ് ലാപ്പിൽ എത്തിയപ്പോൾ അടൂർ പ്രകാശ് കുതിച്ചുകയറി. വി ജോയിയുടെ വിജയം ഏതാണ്ട് ഉറപ്പിച്ച നിലയിൽ ലീഡ് തുടരുമ്പോഴാണ് അടൂർ പ്രകാശ് വീണ്ടും മുന്നിൽ എത്തിയത്.
അടൂർ പ്രകാശിനെ ആറ്റിങ്ങൽ കൈ വിട്ടില്ലെങ്കിലും വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് വിജയം എന്നത് ചർച്ചാ വിഷയമാണ്. 2019ൽ 38207 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച അടൂർ പ്രകാശിന് ഇപ്പോൾ 684 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അതേ സമയം 2019ൽ 3, 80, 995 ആകെ വോട്ടുകൾ നേടിയ അടൂർ പ്രകാശിന് ഇപ്പോൾ 3,28051 ആകെ വോട്ടുകളാണ് ലഭിച്ചത്. അതേ സമയം കഴിഞ്ഞ തവണത്തെക്കാൽ കൂടുതൽ വോട്ടുകൾ ബിജെപി സ്ഥാനാർഥി നേടി എന്നത് ശ്രദ്ധേയമാണ്. ബിജെപി സ്ഥാനാർഥി വി മുരളീധരൻ മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും അടൂർ പ്രകാശിനെക്കാൾ 16272 വോട്ടുകൾ മാത്രമാണ് കുറവുള്ളത്. അതായത് അത്രത്തോളം വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് കൊണ്ട് തന്നെയാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് കുറഞ്ഞതും, അടൂർ പ്രകാശിന് ഭൂരിപക്ഷം കുറഞ്ഞതും. മാത്രമല്ല ശക്തമായ ത്രികോണ മത്സരം തന്നെ ആറ്റിങ്ങലിൽ നടന്നു എന്നുള്ള അഭിപ്രായങ്ങൾക്ക് പ്രാധാന്യം ഉണ്ട്.
എൽഡിഎഫ് കോട്ടയായിരുന്ന ആറ്റിങ്ങൽ ലോക്സഭ മണ്ഡലം 2019ലാണ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് പിടിച്ചെടുക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ കോട്ട പിടിച്ചെടുക്കാൻ ശക്തമായ മത്സരം തന്നെ എൽഡിഎഫ് സ്ഥാനാർഥി കാഴ്ച വെച്ചെങ്കിലും അവസാന നിമിഷം വിട്ട് കൊടുക്കാതെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് സീറ്റ് നിലനിർത്തി. കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി വിജയിക്കുന്ന സ്ഥാനാർഥിയും അടൂർ പ്രകാശ് ആണ്. എങ്കിലും ആറ്റിങ്ങൽകാർ കൈ വിടാത്തതിന്റെ സന്തോഷത്തിലാണ് അടൂർ പ്രകാശ്.
ആറ്റിങ്ങലിൽ നോട്ടയ്ക്ക് 9655 വോട്ടുകൾ ലഭിച്ചു എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. 9655 വോട്ടർമാർക്ക് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ഒരു സ്ഥാനാർഥികളെയും വിശ്വാസമില്ല എന്നോ വോട്ടിങ് സംവിധാനത്തോട് താല്പര്യമില്ല എന്നോ മനസ്സിലാക്കേണ്ടി വരും. ആകെ 7 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ അടൂർ പ്രകാശ്, എൽഡിഎഫ് സ്ഥാനാർഥി അഡ്വ വി ജോയ്, എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി സുരഭി എസ്, രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും അടൂർ പ്രകാശിന്റെ അപരൻമാരുമായ പ്രകാശ് പിഎൽ, പ്രകാശ് എസ്,സ്വാതന്ത്ര സ്ഥാനാർഥി സന്തോഷ് കെ എന്നിവരാണ് സ്ഥാനാർഥികൾ. അപരൻമാരായ പ്രകാശുമാർ രണ്ടുപേരും കൂടി 2502 വോട്ടുകൾ നേടിയെന്നതും അടൂർ പ്രകാശിന്റെ ഭൂരിപക്ഷം കുറച്ചു എന്ന് കൂട്ടി വായിക്കേണ്ടി വരും. എന്തായാലും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആറ്റിങ്ങൽ ലോക്സഭയുടെ ഈ ഇഞ്ചോടിഞ്ച് പോരാട്ടം എന്നും ഒരു ഓർമയായി നിലനിൽക്കും.
റിപ്പോർട്ട് : യാസിർ ഷറഫുദീൻ