തിരുവനന്തപുരം:എൽ.ഡി.എഫ്. അസാധുവോട്ടുകൾക്ക് റീ-കൗണ്ടിങ് ആവശ്യപ്പെട്ടതോടെ ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഫലത്തെക്കുറിച്ചുള്ള സസ്‌പെൻസ് അർധരാത്രിയിലേക്കു നീണ്ടു. വീണ്ടും എണ്ണിയപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ഒരു വോട്ട് അധികമായി ലഭിക്കുകയും ചെയ്തു. റീ കൗണ്ടിംഗിലും അടൂർ പ്രകാശ് തന്നെ വിജയം നേടി.
വൈകീട്ടോടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ് 685 വോട്ടിനു മുന്നിട്ടുനിൽക്കുകയായിരുന്നു. 902 പോസ്റ്റൽ വോട്ടുകൾ അസാധുവായി ഉണ്ടായിരുന്നു. ഭൂരിപക്ഷത്തേക്കാൾ കൂടുതൽ അസാധുവോട്ടുകൾ ഉള്ളതിനാൽ എൽ.ഡി.എഫ്. റീ-കൗണ്ടിങ്ങിന് അപേക്ഷ നൽകി.
വോട്ടെണ്ണൽ കേന്ദ്രമായ ബഥനി നവജീവൻ കോളേജിൽ രാത്രി എട്ടരയോടെ ഇരുമുന്നണികളുടെയും ഏജന്റുമാരുടെ സാന്നിധ്യത്തിൽ അസാധുവോട്ടുകളുടെ പരിശോധന ആരംഭിച്ചു. രാത്രി 11.15-ഓടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥി വി.ജോയിക്ക് ഒരു വോട്ട് അധികമായി ലഭിച്ചു. അടൂർ പ്രകാശിന്റെ ലീഡ് 685-ൽനിന്ന് 684 ആയി കുറഞ്ഞു.
അടൂർ പ്രകാശ് 3,28,051 വോട്ടും വി.ജോയി 3,27,367 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി വി.മുരളീധരൻ 3,11,779 വോട്ടും നേടി