പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി “പ്രകൃതിയാണ് ജീവൻ, പ്രകൃതിയിലാണ് ജീവൻ” എന്ന സന്ദേശവുമായി ഞെക്കാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഇളം തലമുറയ്ക്ക് കൃഷിയേയും പ്രകൃതി സംരക്ഷണത്തേയും കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് മാതൃകയായി. വയലിനെയും നെൽകൃഷിയേയും അടുത്തറിയാനായി “പാഠം ഒന്ന് പാടം, നമ്മളും പാടത്തേയ്ക്ക് ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒറ്റൂർ പഞ്ചായത്തിലെ ചിറയിൽകുളത്തിന് സമീപത്തെ ഏലായിലെ 14 സെന്റ് വയലിൽ ഞെക്കാട് ഗവ.വിഎച്ച്എസ് സ്കൂളിലെ എസ്പിസിയിലെ അംഗങ്ങളായ നാല്പത് കുട്ടികൾ നെൽവിത്ത് വിതച്ചത് വേറിട്ട കാഴ്ചയായി.
“സമൃദ്ധി 2024” ചിറയിൻകീഴ് ക്ലസ്റ്റർതല തുടക്കം ഒറ്റൂർ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റുമായ ഒ.ലിജ നെൽവിത്ത് പാകി ഉദ്ഘാടനം ചെയ്തു. ഗവ.വിഎച്ച്എസ്എസ് പ്രധാനാധ്യാപകൻ സന്തോഷ്.എൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്കൂൾ അസംബ്ലി, പരിസ്ഥിതി ദിന പ്രതിജ്ഞ, ഫലവൃക്ഷതൈ നടീൽ, പരിസ്ഥിതി സംരക്ഷണ റാലി, ദത്തെടുത്ത ഗ്രാമങ്ങളിൽ വിവിധയിനം വൃക്ഷ തൈകളുടെ വിതരണം,സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ പരിസ്ഥിതി ദിന കലാപരിപാടികൾ, പരിസ്ഥിതി ദിന പ്രശ്നോത്തരി, പരിസ്ഥിതി പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ, സ്കൂൾ തോട്ടത്തിൽ പച്ചക്കറി,മുള എന്നിവയുടെ തൈ നടീൽ എന്നിവയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിച്ചു.
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ഒ.ലിജ, സ്കൂൾ പ്രധാനാധ്യാപകൻ സന്തോഷ്.എൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു, എസ്പിസി സിപിഒ സിജു എസ്, എസിപിഒ അർച്ചന ഉണ്ണി, അധ്യാപക പ്രതിനിധി സംഗീത് തുളസി, അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ് എന്നിവർ സംസാരിച്ചു.
സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, എൻസിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കേഡറ്റുകൾ, വിവിധ ക്ലബ്ബ് അംഗങ്ങൾ, അധ്യാപക അനധ്യാപക പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.