തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ സർക്കാർ എൽ പി സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രീ പ്രൈമറിയും ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്
എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
അഞ്ചു ഗ്രാമപഞ്ചായത്തിൽ സർക്കാരിന്റെ മൂന്ന് എൽപി സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ബോർഡ് ബോയ്സ് എൽ പി സ്കൂൾ, ആശാൻ മെമ്മോറിയൽ ഗവർമെന്റ് എൽപിഎസ്, മങ്കുഴി മാധവൻ മെമ്മോറിയൽ ഗവൺമെന്റ് എൽപിഎസ് നെടുംങ്ങണ്ട എന്നിവയാണ്.
മഹാകവി കുമാരനാശാൻ പഠിച്ചതും, പഠിപ്പിച്ചതുമായ സ്കൂളാണ് ആശാൻ മെമ്മോറിയൽ ഗവ എൽ പി എസ്.ഈ സ്കൂളുകളിലൊക്കെ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുതുതായി കുട്ടികൾ എത്തിച്ചേരുന്നതിൽ കുറവ് വരുന്നു. കൂടുതലും വിദ്യാർഥികളെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് ആണ് രക്ഷിതാക്കൾ പഠിക്കാനായി അയയ്ക്കുന്നത്.
അതുകൊണ്ട് സർക്കാർ സ്കൂളുകളിൽ പുതിയ അഡ്മിഷനുകൾ കടന്നു വരുന്നില്ല. ഈ സ്കൂളുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലേക്ക് ആവുന്ന അവസ്ഥയിലേക്ക് ആണ് പോകുന്നത്.
ഈ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചാൽ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കൾ താൽപര്യം കാണിക്കും. പല സർക്കാർ എൽ പി സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ടുണ്ട്. തീരദേശ ഗ്രാമം ആയ അഞ്ചുതെങ്ങിലെ സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചാൽ സാധാരണക്കാരായ കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക്
ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുവാനുള്ള സൗകര്യം ഉണ്ടാകും.
അടുത്ത അധ്യയന വർഷത്തിൽ ഈ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും, പ്രീ പ്രൈമറി ക്ലാസുകളും ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം അധികാരികളോട് അഭ്യർത്ഥിച്ചു.
അഞ്ചുതെങ്ങ് മത്സ്യഭവൻ ഹാളിലെ ധീരജ് നഗറിൽ ചേർന്ന സമ്മേളനം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ ഉദ്ഘാടനം ചെയ്തു.
അഫ്സൽ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നു. സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അർജുൻ, നന്ദു ദാസ്, വിഷ്ണുദർശൻ,ശ്രുതി, വിശാഖ്, മിഥുൻ എന്നിവർ സംസാരിച്ചു. സമ്മേളനം മിഥുൻ (പ്രസിഡന്റ് ), വൈശാഖ് (സെക്രട്ടറി )എന്നിവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു