ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് മികവുത്സവം

IMG-20240607-WA0034

നെടുമങ്ങാട് മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. ഇവർക്കായി നെടുമങ്ങാട് എം.എൽ.എയും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആർ അനിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് മികവുത്സവം -2024 , പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസരംഗത്ത് വലിയ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളമെന്നും വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസരംഗത്ത് ചില മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ സബ്ജക്ട് മിനിമം ഏർപ്പെടുത്തുന്ന വിഷയം സർക്കാർ പരിഗണിക്കുകയാണ്. കൂടാതെ വിദ്യാർത്ഥികളിൽ വായാനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, തുടർച്ചയായ മുല്യനിർണയത്തിന് നൽകുന്ന 20 മാർക്കിൽ നിശ്ചിത ശതമാനം വായനയ്ക്കായി മാറ്റിവെക്കും. ഇത്തരത്തിൽ പ്രത്യക്ഷമായും പരോക്ഷമായും വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെടുമങ്ങാട് മണ്ഡലത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മികച്ച പരിഗണനയാണ് മന്ത്രി ജി.ആർ അനിൽ നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകയാണെന്ന് അധ്യക്ഷനായിരുന്ന മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 1,631 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിഭാഗങ്ങളിൽ 100 ശതമാനം വിജയം കൈവരിച്ച 44 സ്‌കൂളുകൾക്കും മികുവുത്സവത്തിൽ പുരസ്‌കാരം നൽകി. ബിരുദം, ബിരുദാനന്തര ബിരുദം, വിവിധ പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും, പി.എച്ച്.ഡി നേടിയവരേയും ചടങ്ങിൽ അനുമോദിച്ചു.

നെടുമങ്ങാട് മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ നടന്ന മികവുത്സവത്തിൽ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരുന്നു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!