ചെമ്മരുതി പഞ്ചായത്തിലെ പാളയംകുന്ന്, വണ്ടിപ്പുര,കോവൂർ ഭാഗങ്ങളിൽ റോഡുകൾ പുതുക്കി പണിയുന്നതിനായി നേരത്തെ ഉണ്ടായിരുന്ന റോഡുകൾ നശിപ്പിച്ചിട്ട് നാലു വർഷത്തോളമായെന്ന് പരാതി. റോഡിലെ പോസ്റ്റുകളിൽ ബൾബുകൾ കത്തിയിട്ട് നാല് മാസങ്ങളായി.റോഡരികിൽ വാട്ടർ അതോറിറ്റിയുടെ നിരവധി പൈപ്പ് ലൈനുകളാണ് പൊട്ടിയൊലിച്ചു വെള്ളം പാഴായി പോകുന്നത്. ഇതുകാരണം വാമനപുരം പദ്ധതിയിലൂടെ കണക്ഷൻ എടുത്തിരിക്കുന്ന പലർക്കും വെള്ളം കിട്ടുന്നില്ല എന്ന പരാതിയാണ്.അവർ ഈ പെരുമഴകാലത്തും പണം കൊടുത്ത് വെള്ളം ടാങ്കറിൽ വരുത്തുന്നു.
റോഡിന്റെ പണി പൂർത്തീകരിക്കുന്നതിനെ കുറിച്ചും വെളിച്ചത്തിന്റെയും വെള്ളത്തിന്റെയും കാര്യങ്ങൾ അധികൃതരോട് ചോദിക്കുമ്പോഴും സർക്കാരിന്റെ കയ്യിൽ പണമില്ല എന്ന മറുപടി മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് ഇത്. എന്നാൽ ഇപ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ഭയത്താൽ അധികം പേരും ഇതുവഴി പോകാതെയായി. ആട്ടോറിക്ഷകൾ ഈ റോഡിലേക്ക് സർവീസ് നടത്താൻ വിമുഖത കാണിക്കുന്നു.
സന്ധ്യ കഴിഞ്ഞു ജോലിക്ക് പോയി വരുന്ന സ്ത്രീകൾക്കും ട്യൂഷൻ കഴിഞ്ഞു വരുന്ന വിദ്യാർഥികൾക്കും ഇതിലെയുള്ള നടത്തം ഭയമുണ്ടാക്കുന്നു.
നിലവിലെ സാഹചര്യത്തിന് മാറ്റം വന്നില്ലെങ്കിൽ ജനങ്ങൾ സമര പരിപാടികൾക്ക് തുടക്കം കുറിക്കാനുള്ള ആലോചനയിലാണ്.