ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പാലസ് റോഡിലെ ഓടയിൽ മഴവെള്ളം കെട്ടിനിന്ന് ആഴ്ച്ചകളായി യാത്രാ ദുരിതം നേരിടുകയാണ്. നഗരസഭ ചെയർപേഴ്സൻ്റെ നിർദ്ദേശപ്രകാരം ആരോഗ്യ വിഭാഗം ജീവനക്കാർ ഓടയിലെ സ്ലാബുകളിളക്കി മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചു. എന്നാൽ റോഡിനു കുറുകെ നിർമ്മിച്ചിരിക്കുന്ന കലിംഗിനുള്ളിലൂടെയുള്ള ജലമൊഴുക്കിനു തടസം നേരിട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്.ഇതിലൂടെ ഒഴുകിയെത്തുന്ന വെള്ളം റോഡിനടിയിലൂടെ നിർമ്മിച്ചിട്ടുള്ള കലിംഗിലൂടെ വേണം മൾട്ടി റോഡിലെ ഓടയിലെത്താൻ.
കൂടാതെ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നും ആഹാര അവശിഷ്ട്ടങ്ങടക്കം ഒഴുക്കി വിടുന്ന ട്രൈനേജ് പൈപ്പുകളും അനധികൃതമായി പൊതു ഓടയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി അധികൃതർ കണ്ടെത്തി.
സമീപകാലത്ത് പാലസ് റോഡ് നവീകരിച്ചപ്പോൾ വശങ്ങളിലെ ഓടകൾ ഉയരം കൂട്ടി പുതുക്കി പണിതെങ്കിലും കലിംഗിന് കാര്യമായ മാറ്റം വരുത്തിയിരുന്നില്ല.
അടിയന്തിരമായി കലിംഗ് പുതുക്കി നിർമ്മിച്ച് ശാശ്വത പരിഹാരം കാണാൻ പി.ഡബ്ലിയു.ഡി ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു.
പുതുക്കി നിർമ്മിക്കുന്ന കലിംഗിനുൾവശം ഒന്നര അടി വീതിയും 6 അടിയോളം താഴ്ച്ചയും വേണ്ടി വരുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
അനധികൃതമായി ട്രൈനേജ് മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നീയമനടപടി സ്വീകരിക്കുമെന്നും ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ അറിയിച്ചു.