ആറ്റിങ്ങൽ :ആറ്റിങ്ങലിൽ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിക്ക് നേരെ ആക്രമണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.ആറ്റിങ്ങൽ അവനവഞ്ചേരി ആഗ്രഹ വീട്ടിൽ തുഷാന്തിനെ(39)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 28-ാം തീയതി യുവതിയ്ക്ക് ലോൺ തരപ്പെടുത്തിക്കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള കെട്ടിടത്തിൽ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും കുതറിമാറിയ യുവതിയുടെ ഫോണിൽ നിന്നും ഫോട്ടോ കൈക്കലാക്കി പ്രതിയുടെ താല്പര്യത്തിന് വഴങ്ങിയില്ലെങ്കിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി അശ്ലീലം എഴുതി ചേർത്ത് പലർക്കും അയച്ചു കൊടുത്തു യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗ്ഗീസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ ജയകുമാർ, സബ് ഇൻസ്പെക്ടർ ആദർശ്, പോലീസുകാരായ അനിൽകുമാർ, പ്രശാന്ത്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി ഇത്തരത്തിലുള്ള മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു.