നാളെ (2024 ജൂലൈ 1) മുതൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അടിമുടിമാറും. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ തെളിവ് നിയമം ( എവിഡൻസ് ആക്ട് ) എന്നിവയിൽ സമഗ്രമായ മാറ്റമാണ് നിലവിൽ വരിക.
ഐപിസി ഭാരതിയ ന്യായ് സൻഹിത (ബിഎൻഎസ്)യായും, സി ആർ പി സി ഭാരതിയ നാഗരിക് സുരക്ഷ സൻഹിത (ബിഎൻഎസ്‍എസ്)യായും തെളിവ് നിയമം ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) ആയും മാറും. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിലവിൽ വന്ന നിയമസംവിധാനങ്ങൾക്ക് പകരമായാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
ജൂലൈ ഒന്നിന് മുൻപ് നടന്ന കുറ്റകൃത്യങ്ങൾ പഴയനിയമപ്രകാരമായിരിക്കും വിചാരണ ചെയ്യുക. എന്നാൽ തുടർന്നങ്ങോട്ടുള്ള നിയമലംഘനങ്ങൾക്ക് പുതിയനിയമപ്രകാരം കേസുവരും .
സീറോ എഫ്ഐആർ, പോലീസ് പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യൽ, ഇലക്ട്രോണിക് സമൻസ്, ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളാണ്.
അതേസമയം, പുതിയ നിയമങ്ങൾ നടപ്പാക്കുന്നത് തതടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. അഞ്ജലി പട്ടേൽ, ചായ് മിശ്ര എന്നിവർ സമർപ്പിച്ച ഹർജിയിൽ പുതിയ നിയമങ്ങളുടെ പ്രായോഗികത വിലയിരുത്താണമെന്നാണ് ആവശ്യം.
2023ലെ ശീതകാല സമ്മേളനത്തിലാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) 2023, ഭാരതീയ നാഗരിക് സുരക്ഷ സൻഹിത (ബിഎൻഎസ്എസ്) 2023, ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവ പാർലമെന്‍റ് പാസാക്കുന്നത്. പ്രസിഡന്‍റ് ദ്രൗപതി മുർമു മുഖേന 2023 ഡിസംബർ 25ന് ഇന്ത്യൻ ഗസറ്റിൽ വിജ്ഞാപനം ചെയ്‌തു.
ഐപിസിക്ക് പകരമെത്തുന്ന ഭാരതിയ ന്യായ് സൻഹിത സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വലിയ പ്രധാന്യം നൽകുന്നു. വഞ്ചനയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്ക് സെക്ഷൻ 69 പ്രകാരം കടുത്തശിക്ഷ ലഭിക്കും. സെക്ഷൻ 150ന് കീഴിൽവരുന്ന രാജ്യദ്രോഹക്കുറ്റം കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടും. ഒരാളുടെ അശ്രദ്ധമൂലം മറ്റൊരാൾ മരണപ്പെട്ടാൽ സെക്ഷൻ 106 പ്രകാരം അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കും. ആൾക്കുട്ട കൊലപാതകത്തിൽ ഉൾപ്പെടുന്നവർക്ക് കടുത്തശിക്ഷയും പുതിയ നിയമം വിഭാവനം ചെയ്യുന്നു.
സിആർപിസിക്ക് പകരമാകുന്നത് ഭാരതിയ നഗരിക് സുരക്ഷ സൻഹിതയാണ്. പൊലീസിന്കൂടുതൽ അധികാരം നൽകുന്നതാണ് ഭാരതിയ നഗരിക് സുരക്ഷ സൻഹിത. പഴയ നിയമപ്രകാരം എഫ്ഐആർ രജിസ്‌ട്രേഷൻ അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നായിരുന്നു. ചുരുക്കം കേസുകളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമം പ്രകാരം, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രഥമദൃഷ്ട്യാ കേസ് നിലനികുമോ എന്ന് നിർണയിക്കാൻ പോലീസ് പ്രാഥമിക അന്വേഷണം നടത്തണം.
തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധീനിയം നിലവിൽ വരുന്നതോടെ കോടതികളും ആധുനിക വൽക്കരിക്കപ്പെടും. ഡിജിറ്റൽ വിവരങ്ങളും കോടതി നടപടികൾ തെളിവായ സ്വീകരിക്കുന്നതാകും പുതിയ നിയമം.
നിയമത്തിന്‍റെ ശ്രദ്ധേയമായ സവിശേഷതകൾ :
സംഭവങ്ങൾ ഓൺലൈനായി റിപ്പോർട്ടുചെയ്യുക : പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്താതെ ഒരു വ്യക്തിക്ക് ഇലക്‌ട്രോണിക് ആശയ വിനിമയത്തിലൂടെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം.(Section173 BNSS)
ഏത് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ ഫയൽ ചെയ്യാം :സീറോ എഫ്ഐആർ അവതരിപ്പിക്കുന്നതോടെ അധികാര പരിധി പരിഗണിക്കാതെ ഒരു വ്യക്തിക്ക് ഏത് പൊലീസ് സ്റ്റേഷനിലും പ്രാഥമിക അന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യാൻ കഴിയും. നിയമ നടപടികൾ ആരംഭിക്കുന്നതിലെ കാലതാമസം ഇതുവഴി ഒഴിവാക്കാനാകും. കുറ്റകൃത്യം ഉടൻ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കുകയും ചെയ്യാം. (Section 173 BNSS)
എഫ്ഐആറിന്‍റെ സൗജന്യ പകർപ്പ് : ഇരകൾക്ക് എഫ്ഐആറിന്‍റെ സൗജന്യ പകർപ്പ് ലഭിക്കും. നിയമ നടപടികളിൽ അവരുടെ പങ്കാളിത്തവും ഉറപ്പാക്കും. (Section173 BNSS)
അറസ്റ്റിനെക്കുറിച്ച് അറിയിക്കാനുള്ള അവകാശം :അറസ്റ്റുണ്ടായാൽ, ഒരു വ്യക്തിക്ക് അതിനെക്കുറിച്ച് ഇഷ്‌ടമുള്ള വ്യക്തിയെ അറിയിക്കാനുള്ള അവകാശമുണ്ട്. അറസ്റ്റിലായ വ്യക്തിക്ക് ഉടനടിയുള്ള സഹായം ഇത് ഉറപ്പാക്കും. Section 36 BNSS)
അറസ്‌റ്റ് വിവരങ്ങളുടെ പ്രദർശനം : പൊലീസ് സ്‌റ്റേഷനുകളിലും ജില്ല ആസ്ഥാനങ്ങളിലും അറസ്‌റ്റ് വിശദാംശങ്ങൾ പ്രദർശിപ്പിക്കും. അറസ്റ്റിലായ വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സുപ്രധാന വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഇത് സഹായകമാകും. (Section 37 BNSS)
ഫോറൻസിക് തെളിവ് ശേഖരണവും വീഡിയോഗ്രാഫിയും :കേസ് അന്വേഷണം ശക്തിപ്പെടുത്തുന്നതിന്, ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഫോറൻസിക് വിദഗ്‌ധർ സന്ദർശിച്ച് തെളിവുകൾ ശേഖരിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ, തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ കുറ്റകൃത്യം നടന്ന സ്ഥലത്തെ തെളിവെടുപ്പ് പ്രക്രിയ നിർബന്ധമായും വീഡിയോഗ്രാഫ് ചെയ്യുകയും വേണം. ഈ സമീപനം അന്വേഷണങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർധിപ്പിക്കും. (Section 176 BNSS)
അതിവേഗ അന്വേഷണങ്ങൾ : പുതിയ നിയമങ്ങൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് മുൻഗണന നൽകുന്നു. വിവരങ്ങൾ രേഖപ്പെടുത്തി രണ്ട് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്നാണ് ചട്ടം. (Section 193 BNSS)
ഇരകൾക്കുള്ള അപ്‌ഡേറ്റുകൾ :ഇരകൾക്ക് അവരുടെ കേസിന്‍റെ പുരോഗതിയെക്കുറിച്ച് 90 ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യണം. (Section 193 BNSS)
ഇരകൾക്ക് സൗജന്യ വൈദ്യ ചികിത്സ : സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഇരകൾക്ക് സൗജന്യ പ്രാഥമിക ശുശ്രൂഷയോ വൈദ്യ ചികിത്സയോ പുതിയ നിയമങ്ങൾ ഉറപ്പുനൽകുന്നുണ്ട്. (Section 397 BNSS)
ഇലക്‌ട്രോണിക് സമൻസ് : നിയമ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും പേപ്പർവർക്കുകൾ കുറയ്ക്കുന്നതിനും വേണ്ടി സമൻസുകൾ ഇലക്‌ട്രോണിക് ആയി നൽകും. (Section 64, 70, 71 BNSS)
വനിത മജിസ്‌ട്രേറ്റിന്‍റെ മൊഴികൾ : സ്‌ത്രീകൾക്കെതിരായ ചില കുറ്റകൃത്യങ്ങളിൽ, ഇരയുടെ മൊഴികൾ, സാധ്യമാകുന്നിടത്തോളം, വനിത മജിസ്‌ട്രേറ്റും അവരുടെ അഭാവത്തിൽ സ്‌ത്രീയുടെ സാന്നിധ്യത്തിൽ പുരുഷ മജിസ്‌ട്രേറ്റും രേഖപ്പെടുത്തും.
പരിമിതമായ അഡ്‌ജേൻമെന്‍റുകൾ : കേസ് ഹിയറിങ്ങുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനായി കോടതികളില്‍ പരമാവധി രണ്ട് മാറ്റിവെക്കൽ അനുവദിക്കും. (Section 346 BNSS)
സാക്ഷികളുടെ സംരക്ഷണ പദ്ധതി : സാക്ഷികളുടെ സുരക്ഷയും സഹകരണവും ഉറപ്പുവരുത്തുന്നതിന് എല്ലാ സംസ്ഥാന സർക്കാരുകളും സംരക്ഷണ പദ്ധതി നടപ്പാക്കാൻ പുതിയ നിയമം നിര്‍ദേശിക്കുന്നു. (Section 398 BNSS)
ലിംഗഭേദം ഉൾപ്പെടുത്തി :’ലിംഗം’ എന്നതിന്‍റെ നിർവചനത്തിൽ ഇപ്പോൾ ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. (Section 2(10) BNS)
ജെന്‍ഡര്‍ ന്യൂട്രല്‍ കുറ്റകൃത്യങ്ങൾ :സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ വിവിധ കുറ്റകൃത്യങ്ങൾ ലിംഗഭേദമില്ലാതെ എല്ലാ ഇരകളെയും കുറ്റവാളികളെയും ഉൾക്കൊള്ളുന്ന തരത്തില്‍ ജെന്‍ഡര്‍ ന്യൂട്രലാക്കി
എല്ലാ നടപടികളും ഇലക്‌ട്രോണിക് മോഡില്‍ :എല്ലാ നിയമ നടപടികളും ഇലക്‌ട്രോണിക് രീതിയിൽ നടത്തുന്നത് ഇരകൾക്കും സാക്ഷികൾക്കും കുറ്റാരോപിതർക്കും സൗകര്യപ്രദമാകും. ഇതുവഴി മുഴുവൻ നിയമ നടപടികളും കാര്യക്ഷമമാവുകയും വേഗത്തിലാവുകയും ചെയ്യുന്നു. (Section 530 BNSS)
പൊലീസ് സ്റ്റേഷനിൽ പോകുന്നതിൽ ഇളവ് : സ്‌ത്രീകൾ, 15 വയസിന് താഴെയുള്ളവർ, 60 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാര്‍ ഗുരുതരമായ രോഗമുള്ളവർ എന്നിവർക്ക് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകുന്നതിൽ ഇളവുണ്ട്. ഇവർക്ക് താമസ സ്ഥലങ്ങളില്‍ പൊലീസ് സഹായം ലഭിക്കും. (Section 179 BNSS)