ആറ്റിങ്ങൽ : മനുഷ്യ ജീവൻ മാത്രമല്ല, എല്ലാ ജീവൻ രക്ഷാ പ്രവർത്തനത്തിനും അഗ്നി രക്ഷാ സേന ഓടിയെത്തും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആറ്റിങ്ങൽ ഫയർ ഫോഴ്‌സിന് മണനാക്ക് ഭാഗത്ത് നിന്ന് ഒരു കാൾ വരുന്നത്. ‘വീടിനു മുന്നിലെ ഗേറ്റിൽ തെരുവുനായയുടെ തല കുടുങ്ങിപ്പോയെന്ന്’. ഉടൻ തന്നെ ആറ്റിങ്ങൽ നിലയത്തിൽ നിന്ന് ഒരു സംഘം പുറപ്പെട്ടു മണനാക്കിൽ എത്തി. ഇരുമ്പ് ഗേറ്റിന്റെ ഒരു ചെറിയ ഭാഗത്ത് ആണ് നായയുടെ തല കുടുങ്ങിയത്. നല്ലപോലെ ഒന്ന് കുരയ്ക്കാൻ പോലും അതിന് കഴിയുന്നില്ലായിരുന്നു. ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് പരിശീലനം സിദ്ധിച്ച ഫയർ ഫോഴ്സ് സംഘം നായയ്ക്ക് അപകടം വരാതെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ ആലോചിച്ചു. ഇരുമ്പ് ഗേറ്റ് മുറിക്കുക എന്നത് പ്രയോഗികമല്ല, അത് നായയ്ക്ക് അപകടം സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് വളരെ തന്ത്രപൂർവ്വം തന്നെ നായയുടെ ചെവി ഒതുക്കിപ്പിടിച്ചു നായയെ പുറകോട്ടു വലിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പരിക്കുകൾ ഇല്ലാതെ തന്നെ നായയെ രക്ഷപ്പെടുത്തി.