ആര്യനാട് :അര മണിക്കൂർ വ്യത്യാസത്തിൽ ഒരു സ്ഥലത്ത് നിന്ന് വനംവകുപ്പ് ആർആർടി അംഗം ജി.എസ്.റോഷ്നി പിടികൂടിയത് രണ്ട് പെരുമ്പാമ്പുകളെ. കുളപ്പട ജംക്‌ഷനിലെ സിയാദിന്റെ ഉടമസ്ഥതയിൽ ഉള്ള മൂന്ന് ഏക്കറോളം വരുന്ന പുരയിടത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട് നീക്കം ചെയ്യുന്നതിനിടെ ആണ് സംഭവം. 10 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെയാണ് ആദ്യം ഇവിടെനിന്നു പിടികൂടിയത്. ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽ റോഷ്നി എത്തുമ്പോഴേക്കും അടുത്ത വിളി എത്തി. ഇത്തവണ പിടികൂടിയത് 30 കിലോയോളം ഭാരം വരുന്ന പാമ്പിനെ. ഇവയെ വനത്തിൽ തുറന്നുവിട്ടതായി റോഷ്നി പറഞ്ഞു.
