ആറ്റിങ്ങൽ : ബേക്കറിയിൽ കയറി ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ ബേക്കറി ജീവനക്കാർ ആൾകൂട്ടത്തിനിടയിൽ വെച്ച് ആക്രമിച്ചെന്ന് പരാതി. ആറ്റിങ്ങൽ പാലസ് റോഡിൽ പ്രവർത്തിക്കുന്ന മോഡേൺ ബേക്കറിയിലെ ജീവനക്കാർക്കെതിരെയാണ് ആറ്റിങ്ങൽ പോലീസ് എഫ്ഐആർ ഇട്ട് കേസ് എടുത്തത്. ജൂൺ രണ്ടിന് ഉച്ചയോടെയാണ് സംഭവം.
ഉച്ചയ്ക്ക് യാത്ര ചെയ്തു വന്ന ആലംകോട് സ്വദേശി നിസാമുദീനും ഭാര്യയും ക്ഷീണം മാറ്റാൻ ആറ്റിങ്ങൽ മോഡേൺ ബേക്കറിയിൽ കയറി ഷാർജ ഷേക്കും പഫ്‌സും കഴിച്ചു. 184 രൂപയ്ക്ക് ഭക്ഷണം കഴിച്ച നിസാമും ഭാര്യയും ക്യാഷ് കൗണ്ടറിൽ എത്തി 200 രൂപ കൊടുത്തു. തുടർന്ന് ബാക്കി 16 രൂപ നിസാം ആവശ്യപ്പെട്ടപ്പോൾ കൗണ്ടറിൽ ഉണ്ടായിരുന്നയാൾ ബാലൻസ് തന്നു എന്ന് അവകാശപ്പെട്ടു. എന്നാൽ നിസാമിന് ബാലൻസ് കൊടുത്തിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കവും അസഭ്യവർഷവും നിസാമിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ പിന്നീട് ബാലൻസ് നൽകിയിട്ടില്ല എന്ന് മനസ്സിലാക്കിയ ബേക്കറി ജീവനക്കാരൻ ബാലൻസ് തുക നൽകുകയും ചെയ്തു. എന്നാൽ കടയിലെ മറ്റു ജീവനക്കാർ നിസാമിനോട് കയർത്തു സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെ ദമ്പതികൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് ഓടിയെന്നും ഈ സമയം കടയിലെ ജീവനക്കാരിൽ ചിലർ ഓടിയെത്തി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് നിസാമിനെ മർദിച്ചുവെന്നുമാണ് നിസാമിന്റെ പരാതി. തുടർന്ന് സ്റ്റാൻഡിൽ ആള് കൂടുകയും വലിയ സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. നിസാമിന്റെ പരാതിയിൽ അന്വേഷണം നടത്തി ആറ്റിങ്ങൽ പോലീസ് മോഡേൺ ബേക്കറിയിലെ രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തു.
മുൻപ് ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ കഴിഞ്ഞ് ചികിത്സയിൽ കഴിഞ്ഞു വരുന്ന നിസാമിന്റെ മുഖത്തടിച്ചതിനെതിരെ നിസാമിന്റെ ഭാര്യയും പരാതിപ്പെട്ടു. നിസാമിനെ ആക്രമിക്കുന്ന സമയം ഭാര്യ അടുത്ത് ഉണ്ടായിരുന്നുവെന്നും ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നവരും സംഭവം കണ്ടതായി പറയുന്നു.