കിളിമാനൂർ : ഗവ. എൽ.പി.എസ് പാപ്പാലയിലെ ചങ്ങാതിക്കൂട്ടം ബഷീറിനെ തേടിയിറങ്ങി. ബഷീർ ദിനത്തിൽ നാലാം ക്ലാസിലെ സഹപഠിതാവായ ആദമിൻ്റെ വീട്ടിലാണ് അധ്യാപകരും ചങ്ങാതിക്കുട്ടവും ചെന്നെത്തിയത് . ക്ലാസ് മുറിയിൽ എല്ലാ ദിവസവും എത്താൻ കഴിയാതിരുന്ന ആദം മുഹമ്മദിനെ കൂടി ബഷീർ ദിനാഘോഷത്തിൽ ഉൾപ്പെടുത്താൻ ചങ്ങാതിക്കൂട്ടം തീരുമാനിക്കുകയായിരുന്നു. പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളായ
ബഷീറിൻറെ ഉമ്മയും സഹോദരിമാരായ പാത്തുമ്മയും ആനുമ്മയും ആയി കൂട്ടുകാർ വേഷമിട്ട് ആദമിനെ കാണാനെത്തി. ആദം വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് ചങ്ങാതിമാർക്കൊപ്പം കൂടുകയായിരുന്നു.രസകരമായ മുഹൂർത്തങ്ങളിലൂടെ ആദമിൻറെ വീട് വൈക്കം മുഹമ്മദ് ബഷീറിൻറെ വീടായി മാറി.ചങ്ങാതിക്കൂട്ടം ആദമിന് സമ്മാനങ്ങൾ കൈമാറി.
സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ വിഭിന്ന ശേഷിക്കാരായ കുട്ടികളെ വിദ്യാലയത്തിലെ അധ്യാപകരും ചങ്ങാതികളും ചേർന്ന് വീട്ടിലെത്തി കാണുകയും പാട്ടുകൾ പാടി സന്തോഷിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ചങ്ങാതിക്കൂട്ടം.പാപാല ഗവ എൽപിഎസ് പ്രഥമ അധ്യാപിക ഇഷ എസ്,അധ്യാപകരായ പ്രജിത കെ ഭാസ്കർ, റസീന എസ്, ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ രാജിമോൾ ആർ, ചിത്ര എസ്, ഷാമില എം, അഖില അശോക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.