വർക്കല: ഇന്നലെ രാത്രി കൊട്ടാരക്കരയ്ക്കടുത്ത് പനവേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വർക്കല പാലച്ചിറ കൂടത്തി വിളയിൽ റേഷൻ കട വീട്ടിൽ സുൽഫിയുടെയും സജ്നായുടെയും മകൻ സുൽജാൻ( 24 ) മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ അർദ്ധരാത്രി വർക്കല നിന്നും ആലപ്പുഴയിലേയ്ക്ക് പുറപ്പെട്ട കൂട്ടുകാരായ യുവാക്കൾ സഞ്ചരിച്ച കാറ് എം.സി. റോഡിൽ കൊട്ടാരക്കര പനവേലിയിലെ വളവിൽ വച്ച് തിരുവനന്തപുരത്തേയ്ക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. സുൽജാൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊട്ടാരക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ 4-ാം തീയതി അബൂദാബിയിൽ നിന്നും അവധിക്കെത്തിയ സുൽജാനും സംഘവും ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരത്തിന് പുറപ്പെട്ടതായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗൾഫിൽ നിൽക്കുന്ന പിതാവ് സുൽഫീക്കർ ഇന്ന് രാത്രിയോടെ എത്തിച്ചേർന്ന ശേഷം രാവിലെ 9 മണിക്ക് പാലച്ചിറ മുസ്ലീം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും. നാടിനെ നടുക്കിയ വാഹനാപകടത്തോടെ എം സി റോഡിൽ കൊട്ടാരക്കര ഭാഗം അപകട സാധ്യതയേറെയുള്ള പ്രദേശമായി മാറിയിരിക്കുകയാണ്. അമിതമായ വളവുകളും റോഡിന്റെ താളം തെറ്റിയുള്ള അശാസ്ത്രീയ നിർമ്മാണവും റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.